മലപ്പുറം: ട്രോളിംഗ് നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം ഇറച്ചിക്കോഴിക്ക് റിക്കാര്‍ഡ് വില. കോഴി ഇറച്ചിക്ക് 270 മുതല്‍ 290 രൂപ വരെയാണ് നിലവിലെ വില. ലൈവ് കോഴി കിലോയ്ക്ക് 160 മുതല്‍ 185 രൂപ വരെ നല്‍കണം. കോഴിമുട്ട വിലയിലും റിക്കാര്‍ഡ് വര്‍ധനവാണ്. സാധാരണ വെള്ളമുട്ടയ്ക്ക് നിലവില്‍ റീട്ടെയില്‍ വിപണിയില്‍ എട്ട് മുതല്‍ ഒന്‍പത് വരെയാണ് വില.
കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ കടല്‍ മത്സ്യങ്ങളുടെ ലഭ്യത വളരെ കുറവാണ്. ലഭ്യമാകുന്ന മീനുകള്‍ക്കാകട്ടെ കനത്ത വിലയും. ഇതോടെ സാധാരണക്കാര്‍ ബീഫ്, ചിക്കന്‍ തുടങ്ങിയ ഇറച്ചി വിഭവങ്ങളിലേക്ക് തിരിഞ്ഞു. ഈ പെട്ടെന്നുള്ള ആവശ്യകതയാണ് വില ഉയരാന്‍ ഇടയാക്കിയത്.
കനത്ത ചൂട് കാരണം തമിഴ്നാട്ടിലെ ഫാമുകളില്‍ വ്യാപകമായി കോഴികള്‍ ചത്തുപോകുകയും ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തതും വിതരണക്ഷാമം വിപണിയെ നേരിട്ട് ബാധിച്ചു.
അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം കാരണം കോഴിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് വലിയ വിലയാണ് കര്‍ഷകര്‍ നല്‍കേണ്ടി വരുന്നത്. ഇതരസംസ്ഥാനങ്ങളിലെ വന്‍കിട ഫാമുടമകളും ഏജന്റുമാരും ഒത്തുചേര്‍ന്ന് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുകയാണെന്ന ആരോപണവുമുണ്ട്.
Tags : Local News Nattuvishesham Malappuram