ആറ്റിങ്ങൽ: പിതാവിനെ പരിചരിക്കാൻ നിന്നയാളെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. കടയ്ക്കാവൂർ വിനായക ഭവനിൽ ശശികുമാറാണു പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ശശികുമാറിന്റെ പിതാവ് സഹദേവനെ പരിചരിച്ചിരുന്നതു കടയ്ക്കാവൂർ അംഗ്ലി മുക്കിൽ ഗീതാഞ്ജലി വീട്ടിൽ സുകൃതിക്കുട്ടൻ (60) ആയിരുന്നു. ശശികുമാർ മദ്യലഹരിയിൽ സുകൃതിക്കുട്ടനുമായി തർക്കിക്കുകയും തുടർന്നു ബിയർ കുപ്പികൊണ്ട് അടിക്കുകയും കുപ്പി പൊട്ടിച്ചു കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ സുകൃതിക്കുട്ടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ശശികുമാറിനെ കടയ്ക്കാവൂർ എസ്എച്ച്ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത് ജയപ്രസാദ്, എഎസ്ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, സുഗുണൻ, ഇന്ദ്രജിത്ത്, സാബു എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.