വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കെപിപിഎല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉയരമുള്ള മരത്തിലെ കാട്ടുകടന്നലിന്റെ കൂട്.
വെള്ളൂർ: കാട്ടുകടന്നലിന്റെ ഭീഷണിയിൽ വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡ്. വെള്ളൂരിൽ കെപിപിഎല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉയരമുള്ള മരത്തിലെ കാട്ടുകടന്നലിന്റെ കൂടാണ് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നത്. രണ്ടാം വാർഡിൽ കെപിപിഎൽ ജീവനക്കാരുടെ ഡി ഒൻപത് ക്വാർട്ടേഴ്സിന്റെ എതിർഭാഗത്തായി ഏകദേശം 40അടി ഉയരമുള്ള ആഞ്ഞിലി മരത്തിന്റെ ശാഖയിലെ കാട്ടുകടന്നൽ കൂട് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സാധാരണ കടന്നലിനെ അപേക്ഷിച്ച് കാട്ടുകടന്നലിന് വിഷാംശം കൂടുതലായതിനാൽ പ്രദേശവാസികൾ ഭയചകിതരാണ്. കാറ്റിൽ ഉലയുന്ന മരത്തിലെ കൂടിന് ദിനംപ്രതി വലിപ്പം കൂടി വരികയാണ്. കൂടിന് ഇളക്കം സംഭവിച്ചാൽ കാട്ടുകടന്നൽ കൂട്ടം വൻദുരന്തമുണ്ടാക്കുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാട്ടു കടന്നലിന്റെ ഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ ടി.വി. ബേബി ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam