വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാം.
വൈക്കം: കായൽപുഴ വിനോദ സഞ്ചാര വികസനത്തിനായി പദ്ധതി തയാറാക്കാനൊരുങ്ങി ചെമ്പ് പഞ്ചായത്ത്. ചെമ്പ് ഗ്രാമമെന്നപേരിൽ ഒരുക്കുന്നപദ്ധതി ജലസ്രോതസുകളും വേമ്പനാട്ടുകായലും ദ്വീപും മുറിഞ്ഞപുഴ പഴയപാലവുമൊക്കെചേർത്ത് പാലക്കരി ഫിഷ് ഫാം കേന്ദ്രീകരിച്ചാണ് നടപ്പാക്കാൻ വിഭാവനം ചെയ്യുന്നത്.
പഞ്ചായത്തിന്റെ പുറമ്പോക്കും കായലോരപ്രദേശങ്ങളും കൂട്ടിയിണക്കി പഞ്ചായത്തിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എറണാകുളം കുമരകം ജലയാത്രക്കിടയിലുള്ള മനോഹരമായ സ്ഥലമെന്ന നിലയിൽ ഇതിനകംതന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ് ചെമ്പിലെ മുറിഞ്ഞപുഴ.
പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിൽ നടന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, കെ. ബിനിമോൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. മുംബൈ ഐഐടിയിലെ എ.ആർ. ജോസഫ് പദ്ധതി വിശദീകരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബ്ലോക്ക് ജില്ല പഞ്ചായത്തുകളുടെയും സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പാലാക്കരി ഫിഷ് ഫാമിന് സമീപത്ത് വേമ്പനാട്ട് കായലിൽ പഞ്ചായത്ത് ഭൂമിയായ ഒന്നര ഏക്കർ വരുന്ന ദ്വീപ് മുഖ്യ ആകർഷണകേന്ദ്രമാക്കി മാറ്റാനും മുറിഞ്ഞപുഴ പഴയപാലം ഗ്ലാസിട്ട് വ്യൂപോയിന്റാക്കാനും സമീപത്തെ പഞ്ചായത്ത് സ്ഥലത്ത് ഫുഡ്കോർട്ടാക്കി മാറ്റാനും പദ്ധതിയുണ്ട്.
ഹോംസ്റ്റേയടക്കം ഒരുക്കി പ്രദേശവാസികളും സ്വകാര്യ സംരംഭകരും പദ്ധതിയിൽ പങ്കാളികളാകും.
Tags : Local News Nattuvishesham Kottayam