കടലേറ്റത്താൽ തകർന്ന വീടുകളിലൊന്ന്.
ആറ്റിങ്ങൽ: കടൽ കയറുന്നു, അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. കടലിനു സമാന്തരമായി കിടക്കുന്ന ഭൂപ്രദേശമാണ് അഞ്ചുതെങ്ങ്. ഈ പഞ്ചായത്തിന്റെ കടലോര മേഖലയിലാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്.
മത്സ്യമേഖലയിൽ പണിയെടുക്കുന്ന ഇവർ ഏതു നിമിഷവും കടലിനിരയാകുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ കുരിശടികളും തിരയടിച്ച് അപകടാവസ്ഥയിലാണ്. കടൽ പ്രക്ഷുബ്ധമായി തുടരുന്നതോടെ തീരത്തുനിന്നു മത്സ്യബന്ധന യാനങ്ങളും മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരുന്നു. മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് കായിക്കര ഒന്നാം പാലം വരെ കടൽഭിത്തി തകർന്നിട്ടു വർഷങ്ങളായി.
തീരം ബലപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്ന കാര്യത്തിൽ സർക്കാരുകൾ ഉദാസീനത പുലർത്തുകയാണെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി. പൂത്തുറ, കോട്ട, തോണിക്കടവ്, സെന്റ്് പീറ്റേഴ്സ്, പഞ്ചായത്ത് ഓഫീസ്, കുന്നുംപുറം, കുരിശടിമുക്ക്, അഞ്ചുതെങ്ങ്, മണ്ണാർക്കുളം, മുണ്ടുതുറ, മാമ്പള്ളി എന്നീ തീരങ്ങളിലാണ് കടൽ പ്രക്ഷുബ്ധമായി തുടരുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്ത് മേഖലയിൽ ക്രമാതീതമായ തീരശോഷണവും സംഭവിക്കുന്നുണ്ട്.
തിരയടിയിലുണ്ടായ വ്യതിയാനങ്ങളും തുടർച്ചയായുള്ള കടൽക്ഷോഭങ്ങളും അഞ്ചുതെങ്ങ് തീരം തകർന്നടിയുന്നതിനും വൻതോതിൽ കര കടലെടുക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കടലാക്രമണത്തെ ചെറുക്കുന്നതിനാവശ്യമായ സംരക്ഷണമൊരുക്കിയില്ലെങ്കിൽ തീരപ്രദേശത്തെ ആയിരത്തിയഞ്ചൂറോളം വീടുകളും, തീരദേശപാതയും ഉൾപ്പെടെ കടലെടുക്കും എന്ന അവസ്ഥയാണ്.