പെരിന്തല്‍മണ്ണയില്‍ മെഗാ തൂഫാന് സംഗമത്തിന്റെ ഭാഗമായി നടത്തിയ ജനകീയ വിളംബര റാലി.
പെരിന്തൽമണ്ണ നഗരത്തെ ഇളക്കിമറിച്ച് മെഗാ തൂഫാന് വിളംബര റാലി
പെരിന്തല്‍മണ്ണ: ലഹരി വിപത്തിനെതിരേ പെരിന്തല്‍മണ്ണയില്‍ ജനകീയ പ്രതിരോധമായി ജനസാഗരം. മെഗാ തൂഫാന് മഹാസംഗമത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ നഗരത്തെ ആവേശം കൊള്ളിച്ച് ഗംഭീര വിളംബര റാലി നടത്തി. ലഹരിമുക്ത സമൂഹമെന്ന വലിയ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് 3000ത്തോളം പേര് അണിനിരന്ന റാലി നഗരത്തെ ജനസമുദ്രമാക്കിയത്. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്രപ്രധാനമായ മെഗാ തൂഫാന് മഹാ സംഗമത്തിന് മുന്നോടിയായാണ് റാലി നടത്തിയത്.
മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ അണിനിരന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകളേന്തി ജാഥയുടെ മുന്നണിപ്പോരാളികളായി .
മനഴി ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റിയ ജാഥ മുനിസിപ്പല്‍ ടൗണ്‍ സ്ക്വയറിലാണ് സമാപിച്ചത്. നാടിന്റെ ഭാവി നശിപ്പിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും എക്സൈസും കര്‍ശനമായ ഇടപെടലുകളാണ് തുടരുന്നത്.
വിളംബര റാലിയുടെ സമാപന സമ്മേളനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് നാലകത്ത് ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ചമയം ബാപ്പു തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം മൂന്നിന് ഷിഫ കണ്വെന്ഷന് സെന്ററിലാണ് മെഗാ തൂഫാന് ലഹരി വിരുദ്ധ സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
Tags : Local News Nattuvishesham Malappuram