സേഫ് വാക്ക് കാന്പയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.
പെരിന്തല്‍മണ്ണ: കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിരീക്ഷണവുമായി മോട്ടോര്‍ വാഹന വകുപ്പ്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാതെ വാഹനം ഓടിച്ച് പോകുന്നവരെ പൂട്ടാനാണ് പെരിന്തല്‍മണ്ണയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം. സേഫ് വാക്ക് കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനയും ബോധവത്കരണവും.
പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ പി.കെ. പത്മകുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും ബോധവത്കരണവും തുടരുന്നത്. പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസ് പരിധിയിലെ സ്കൂള്‍-കോളജ് പരിസരങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു.
കൂടാതെ സ്കൂള്‍-കോളജുകള്‍, പ്രധാന ടൗണുകള്‍, ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ സീബ്ര ക്രോസിംഗിനെക്കുറിച്ച് ലഘുലേഖ വിതരണം ചെയ്യുകയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ച് വരികയാണ്.
Tags : Local News Nattuvishesham Malappuram