നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസിനുള്ളില്‍ 19 ആദിവാസി പ്രൊമോട്ടര്‍മാര്‍ക്ക് ഇരിക്കാനുള്ള ബെഞ്ചും ഡസ്ക്കുകളും.
നിലമ്പൂര്‍: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത വാടക കെട്ടിടത്തിലെ ഒറ്റ മുറിയില്‍. ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അടക്കം 26 ജീവനക്കാര്‍ക്കും ഒറ്റമുറി ഓഫീസ് സൗകര്യം മാത്രമാണുള്ളത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവനക്കാര്‍ ദുരിതത്തിലാണ്.
നിലമ്പൂര്‍ കോവിലകത്തുമുറി കവാടത്തിന് ചേര്‍ന്നുള്ള വാടക കെട്ടിത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ്. ഏറ്റവും കൂടുതല്‍ ആദിവാസി നഗറുകളുള്ള ചാലിയാര്‍, പോത്തുകല്‍ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എടക്കര, പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളും നിലമ്പൂര്‍ ട്രൈബല്‍ എക്സറ്റഷന്‍ ഓഫീസിന്റെ പരിധിയിലാണ്.
എല്ലാ ബുധനാഴ്ചയും ആദിവാസി പ്രൊമോട്ടര്‍മാരുടെ യോഗം ചേരുന്നതും ഈ ഒറ്റമുറിയിലാണ്. മൂന്ന് ബെഞ്ചുകളും ഡസ്ക്കുകളും ഇട്ടിരിക്കുന്നതും ഈ ഓഫീസ് മുറിയില്‍ തന്നെ. ഓഫീസില്‍ ഇടം ഇല്ലാത്തതിനാല്‍ ഒരു അലമാര ഇട്ടിരിക്കുന്നത് ഓഫീസിലേക്ക് കയറുന്ന വരാന്തയിലാണ്. കൂടാതെ ഏതാനും പഴയ ഫയലുകളും സൂക്ഷിച്ചിരിക്കുന്നതും ഇതിന് സമീപമാണ്. നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസില്‍ കൂടുതലും വനിതാ ജീവനക്കാരാണ്. ഈ ഓഫീസില്‍ ബാത്ത്റൂം സൗകര്യം പോലും ഇല്ല.
Tags : Local News Nattuvishesham Malappuram