നവീകരണം പുരോഗമിക്കുന്ന നെയ്യാർഡാമിലെ കുട്ടികളുടെ പാർക്ക്.
നെയ്യാർഡാം: കാടുനിറഞ്ഞ് ഇഴജന്തുക്കൾ താമസമാക്കിയ പാർക്കിന് ശാപമോക്ഷം. നെയ്യാർഡാമിലെ കുട്ടികളുടെ പാർക്ക് ഇനി പുതിയ രൂപത്തിൽ. വരുന്ന ഓണത്തിന് പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കും. 30 ലക്ഷം രൂപയ്ക്കുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വളരെ ദയനീയമായിരുന്നു നെയ്യാർ ഡാമിലെ കുട്ടികളുടെ പാർക്കിന്റെ സ്ഥിതി. കാടുമൂടിയ ഉദ്യാനത്തിൽ ഇഴജന്തുക്കളും പിന്നെ തുരുമ്പിച്ച ഉപകരണങ്ങളും മാത്രമായിരുന്നു ഉ ണ്ടായിരുന്നത്.
അഗസ്ത്യമലനിരകളിൽ നിന്നും ചുരത്തുന്ന നെയ്യാറിനെ മെരുക്കി നെയ്യാർ അണകെട്ടിയത് 1956 ൽ ആണ്. അണക്കെട്ട് നിർമിക്കുമ്പോൾ അതിനെ ഒരു വിനോദസഞ്ചാരകേന്ദ്രവുമാക്കണമെന്ന ആശയത്തിന്റെ പിൻബലത്തിലാണ് ഇവിടെ ഉദ്യാനം പിറന്നത്. പിന്നാലെ കുട്ടികൾക്കായി പാർക്കും തുടങ്ങി. ഒരു കാലത്ത് നാടിന്റെ വിവിധയിടങ്ങളിൽ നിന്നും അയൽ സംസ്ഥാനത്തുനിന്നുപോലും വരുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു കുട്ടികളുടെ പാർക്ക്. അണക്കെട്ടിനോടു ചേർന്ന് വിശാലമായ സ്ഥലത്താണ് പാർക്ക് നിർമിച്ചിരുന്നത്.
പാർക്കി ലേക്ക് ഒരുകാലത്ത് കുട്ടികളുടെ ഒഴുക്കായിരുന്നു. എന്നാൽ ഇപ്പോൾ കാടുമൂടിയ പാർക്കാണ് കാണാൻ കഴിയുന്നത്. മാത്രമല്ല ഇഴജന്തുക്കളുടെ കേന്ദ്രവും കൂടിയായി ഈ പാർക്ക് മാറി. അറ്റകുറ്റപണികൾ നടത്താതിനാൽ പാർക്കിലെ ഉപകരണങ്ങളും തുരുന്പുകയറി നശിച്ചു. പാർക്കിലെ നടപ്പാത നാശത്തിനന്റെ വക്കിലായി മാറി.
വർഷം തോറും കുട്ടികളുടെ പാർക്ക് മിനുക്കുപണി നടത്താൻ ഫണ്ട് വകയിരുത്താറുണ്ട്. അണക്കെട്ടിന്റെ ഉദ്യാന നവീകരണവും റസ്റ്റ്ഹൗസ് നവീകരണവും കാന്റീൻ നിർമാണവും ഉൾപ്പടെ പണി ആരംഭിക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മറ്റു പദ്ധതികൾ പൂർത്തിയായിട്ടും കുട്ടികളുടെ പാർക്കിനെ അധികൃതർ അവഗണിക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്നാണ് പാർക്കിനെ അധികൃതർ ശ്രദ്ധിച്ചത്. സ്ഥലം എംഎൽഎ സി.കെ. ഹരീന്ദ്രൻ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു. തുടർന്നാണ് പാർക്കിനായി ഫണ്ടിടുന്നത്.
30 ലക്ഷം രൂപയാണ് പാർക്കിനായി ടൂറിസം വകുപ്പ് വിനിയോഗിക്കുന്നത്. ഇതിനകം പാർക്കിനകത്തെ കാടു വെട്ടിമാറ്റി. തുരുമ്പിച്ച ഉപകരണങ്ങളും നീക്കം ചെയ്തു. ആധുനിക സൗകര്യങ്ങളോടെയാവും പാർക്ക് നവീകരിക്കുക. ഇതിനായുള്ള ഉപകരണങ്ങൾ എത്തി കഴിഞ്ഞു. പാർക്കിനകത്ത് പ്രത്യേക കൂടാരങ്ങളും സജ്ജമാക്കും.
പുതിയ രീതിയിലെ ഊഞ്ഞാൽ നിർമിക്കും. കുട്ടികൾക്കായി സൈക്കിൾ പാർക്കും നിരീക്ഷണ കാമറകളും സ്ഥാപിക്കുന്നു ണ്ട്. കുട്ടികൾക്കായി റൈഡുകൾ, ഇരിപ്പിടങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, എന്നിവയും ഉദ്യാന നവീകരണ പദ്ധതിയുടെ ഭാഗമാണ്. വരുന്ന ഓണക്കാലത്ത് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.