വടക്കഞ്ചേരി: മലയോരമേഖലയിൽ ആനയ്ക്കു പുറമെ കുരങ്ങ്, മലയണ്ണാൻ ശല്യം അതിരൂക്ഷമായി. കിഴക്കഞ്ചേരി കോട്ടേക്കുളത്തിന്നടുത്ത് പൂതനക്കയത്ത് മുല്ലമംഗലം ബേബിയുടെ അമ്പതിലേറെ നേന്ത്രവാഴതൈകൾ കുരങ്ങുകൾ നശിപ്പിച്ചു. സമീപപ്രദേശങ്ങളിൽ നിന്നും കൂട്ടമായി തോട്ടത്തിലെത്തുന്ന കുരങ്ങുകൾ വാഴതൈകളുടെ പിണ്ടിപൊളിച്ച് അതിനുള്ളിലെ കൂമ്പ് പറിച്ചെടുക്കുകയാണ്.
കുറച്ചൊക്കെ അവ തിന്നുന്നുമുണ്ട്. മൂന്നുമാസം പ്രായമായ വാഴ തൈകളാണ് നശിപ്പിച്ചതെന്ന് ബേബി പറഞ്ഞു. മൂന്ന് ഏക്കർ വരുന്ന സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചു മാറ്റി മറ്റു വിളകൾക്കൊപ്പമാണ് വാഴ കൃഷി ചെയ്തത്. ആന, പന്നി, മാനുകൾ, മലയണ്ണാൻ തുടങ്ങിയവക്കു പുറമെയാണ് വാനരപടയും നാട്ടിൽ പെരുകുന്നത്.
ആരോഗ്യപുരം, കൊന്നക്കൽകടവ്, ഒടുകിൻചുവട്, നീതിപുരം, ഓടംതോട് തുടങ്ങിയ പ്രദേശങ്ങളിലും കുരങ്ങ്, മലയണ്ണാൻ ശല്യം അതിരൂക്ഷമാണ്. എഴുപതും നൂറും തെങ്ങുകളുള്ള കർഷകർക്ക് വീട്ടാവശ്യത്തിനുള്ള നാളികേരംപോലും ലഭിക്കാത്ത സ്ഥിതിയായി. നാളികേരത്തിന് വിലയുണ്ടെങ്കിലും അതിന്റെ പ്രയോജനവും കർഷകർക്കില്ല. നാളികേരം കരിക്ക് പ്രായമാകും മുമ്പേ കുരങ്ങുകൾ എല്ലാം തിന്ന് നശിപ്പിക്കും.
അമ്പതും നൂറും എണ്ണം വരുന്ന വലിയ കൂട്ടങ്ങളാണ് കൃഷിയിടങ്ങളിലെത്തുന്നത്. ഒന്നിച്ച് എത്തി ഒന്നും ബാക്കിവക്കാതെ കൃഷിയിടങ്ങൾ വെളുപ്പിക്കും. മൂപ്പെത്താത്ത വാഴക്കുലവരെ കുരങ്ങുകൾ തിന്നു തീർക്കുകയാണ്. പാലക്കുഴി മല വഴി പീച്ചി കാട്ടിൽ നിന്നാണ് വാനരപടയെത്തുന്നത്.
ഇത്രയും എണ്ണം കുരങ്ങുകളുടെ വയറു നിറയാൻ തന്നെ ഓരോ ദിവസവും ലോഡ് കണക്കിന് തീറ്റ വേണം. ചക്ക,മാങ്ങ സീസണാകുന്നതോടെ ഇനി കുരങ്ങുശല്യം വളരെ കൂടുതലാകുമെന്ന് കർഷകർ പറയുന്നു. കുരങ്ങുകളുടെ കണ്ണിൽപ്പെടാതെ ഏതെങ്കിലും തെങ്ങിൽ നാളികേരം മൂപ്പെത്തിയാൽ അത് തിന്ന് നശിപ്പിക്കാൻ മലയണ്ണാൻ പടയുണ്ട്. ചിരട്ട കരണ്ട് ഉള്ളിലെ നാളികേരം തിന്നുതീർക്കും. താഴെയുണ്ടാകുന്ന വിളകൾ നശിപ്പിക്കാൻ പന്നിക്കൂട്ടങ്ങളും മുള്ളൻപന്നി, മയിൽ, മാനുകൾ തുടങ്ങിയവയും കർഷകരെ ബുദ്ധിമുട്ടിക്കാനുണ്ട്.
ഇതിനാൽ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പും കർഷകനില്ല. എല്ലാം കുത്തിമറിച്ച് തിന്നും. പകലന്തിയോളം വിശ്രമമില്ലാത്ത പണി മാത്രമാണ് കർഷകർക്ക് മിച്ചം. പീച്ചിക്കാട്ടിൽ നിന്നും ഏറെ കിലോമീറ്റർ ദൂരെയുള്ള തോട്ടങ്ങളിലാണ് ഇങ്ങനെ മൃഗശല്യമുള്ളത്.
മുമ്പൊക്കെ പാട്ടകൊട്ടിയൊ പടക്കംപൊട്ടിച്ചോ പേടിപ്പെടുത്തിയാൽ പിന്നെ കുറച്ചു ദിവസത്തേക്ക് കുരങ്ങ്ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ പടക്കം പൊട്ടിച്ചാൽ കർഷകരെ ആക്രമിക്കാൻ കുരങ്ങ്കൂട്ടങ്ങൾ പാഞ്ഞെത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.
Tags : nattu vishesham Monkeys are rampant