1. നാരായണൻ 2. വിജിമോൾ
ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന മകൾക്കായി തെരച്ചിൽ
കുടുംബത്തിന്റേത് കൂട്ട ആത്മഹത്യയെന്ന് സംശയം
പിറവം : മൂവാറ്റുപുഴയാറിൽ കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹങ്ങൾ അമ്മയുടെയും മകന്റേതുമാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ, മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പിറവത്ത് പുഴയിൽ ആറ്റുതീരം പാർക്കിന് സമീപത്തു നിന്നാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്.
സ്ത്രീകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരമാണ് പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴ പായിപ്ര മാനാറി പാലയ്ക്കാപ്പറമ്പിൽ പി.വി. വിജിമോളു (40) ടെയും രണ്ട് വയസുള്ള ഇളയ മകന്റെയുമാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞത്. വിജിമോളുടെ ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി നാരായണന്റെ (51) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന മൂത്ത മകൾ ഹന്ന (എട്ട്) യെ കണ്ടെത്താനായില്ല. ഹന്നയ്ക്കായി പോലീസും സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ തെരച്ചിൽ തുടരുകയാണ്. ചെറുവട്ടൂർ ഗവ. എൽപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഹന്ന. പുഴയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി തന്നെ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു.
അന്ധയായ സ്ത്രീയും പുരുഷനും ഒരാൺകുഞ്ഞും പെൺകുട്ടിയുമടങ്ങുന്ന നാലംഗ സംഘം വ്യാഴാഴ്ച പിറവത്തെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുനു. പിറവം വലിയ പള്ളിയിലും ടൗണിലെ ഹോട്ടലിലും പിറവത്തെ കുട്ടികളുടെ പാർക്കിലും ഇവരെ കണ്ടവരുണ്ട്. പിറവത്തെ പള്ളിയിൽ ഇവർ പ്രാർഥിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ആൺകുട്ടിയെ എടുത്ത് നടന്നിരുന്ന ഭർത്താവിന്റെ കൈപിടിച്ച് നടക്കുന്ന സ്ത്രീയുടെയും ഒപ്പം നടക്കുന്ന പെൺ കുട്ടിയുടെയും ദൃശ്യങ്ങളാണ് ലഭിച്ചത്.
ഭാര്യയും ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടംബമാണിതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. അതിനിടെയാണ് ഇന്നലെ ഉച്ചയോടെ പാഴൂർ ആറ്റുതീരം പാർക്കിന് സമീപത്ത് നിന്ന് നാരായണന്റെ മൃതദേഹം കണ്ടുകിട്ടിയത്.
വിജിമോളോടൊപ്പമുണ്ടായിരുന്ന ഭർത്താവ് നാരായണ (51) ന്റെ മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് കൂട്ട ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പോലീസെത്തിയത്. എന്നാൽ ഇവരോടൊപ്പമുണ്ടായിരുന്ന പെൺകുട്ടി ഹന്നയെ ഇനിയും കണ്ടെത്താനായിട്ടില്ല.
പാലക്കാട് നെന്മാറ കുമ്പളക്കോട് ഇലവഞ്ചേരി ഉന്നതിയിൽ താമസിച്ചിരുന്നയാളാണ് നാരായണൻ. പായിപ്ര മാനാറി പാലയ്ക്കാ പ്പറമ്പിൽ വിജയന്റെയും ജഗദമ്മയുടെയും മകളാണ് വിജിമോൾ. പിറവം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പ്രാഥമിക പരിശോധനകൾക്കുശേഷം മുവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags : Local News Nattuvishesham Ernakulam