മണിമല: കഴിഞ്ഞ ദിവസം മരിച്ച മകളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മാതാവ് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഈരാറ്റുപേട്ട കൊണ്ടൂർ മണക്കാട്ട് വീട്ടിൽ ബ്രിജീത്തമ്മ (95) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ബന്ധുക്കളായ മറ്റ് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം. കഴിഞ്ഞ ദിവസമാണ് ബ്രിജീത്തമ്മയുടെ മകൾ മണിമല പുതുപ്പറന്പിൽ അച്ചാമ്മ (69) മരണമടഞ്ഞത്. മകളെ കാണാനും പിറ്റേ ദിവസത്തെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുമായാണ് ബ്രിജീത്തമ്മയും ബന്ധുക്കളും കാറിൽ മണിമലയിലേക്ക് പോയത്.
മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻതന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബ്രിജീത്തമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കളായ റോയ് മാത്യു (52), ബിന്ദു റോയ് (47), പ്രിയ (17), ശ്രേയ (15) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ അച്ചാമ്മയുടെ സംസ്കാരം ഇന്നലെ നടത്തി.
Tags : Mother dies nattuvishesham local news