പ്രതീകാത്മക ചിത്രം
ഇരിട്ടി: ലഹരിവസ്തു വാങ്ങിക്കാൻ പണം നല്കാത്ത വിരോധത്തിൽ വയോധികയായ ഉമ്മയുടെ തല യുവാവ് കല്ലിനിടിച്ചു പൊട്ടിച്ചു. സംഭവത്തിൽ മകൻ ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടി കയിൽ വി.പി. ഷെരീഫ് (37) നെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണം നൽകാത്തതിൽ പ്രകോപിതനായ പ്രതി അമ്മയേയും സഹോദരിയേയും അതിക്രൂരമായി മർദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ:- സ്ഥിരം കുറ്റവാളിയാണ് ഷെരിഫ്. കളവ്, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
ബംഗളൂരുവിൽ നിന്നും 1.5 കിലോ കഞ്ചാവുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച പ്രതി മൂന്ന് മാസം മുന്പാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കാനായി പ്രതി പണം ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് ഉമ്മയേയും സഹോദരിയേയും ആക്രമിച്ചത്. തുടർന്ന് വീടിന്റെ ജനൽച്ചില്ലുകളും വീടിനോട് ചേർന്നുള്ള കുഴൽ കിണറിന്റെ പൈപ്പുകളും അടിച്ചുപൊട്ടിച്ച് വൻ നാശനഷ്ടം വരുത്തി. വീടിന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മയെ പ്രതി വലിയ കല്ലെടുത്ത് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. ഉമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ സഹോദരിയെ പ്രതി പരിക്കേല്പിച്ചു.
ജൂലൈ 21 ന് നടന്ന സംഭവത്തിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി പ്രതിയെ പിന്തിരിപ്പിച്ചിരുന്നുവെങ്കിലും പരാതി ലഭിച്ചിരുന്നില്ല . തുടർന്നും പ്രതി ഫോണിലൂടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം ഉമ്മ ഉൾപ്പെടെയുള്ള കുടുംബം ഇരിട്ടി പോലീസിൽ പരാതി നൽകിയത്.തുടർന്നായിരുന്നു പോലീസ് നടപടി.