പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്. ആറ്റിങ്ങൽ അവനവഞ്ചേരി വലിയക്കുന്ന് ഉത്രട്ടാതിയിൽ അക്ഷയ് കെ. ദാസിനാണു പരിക്കേറ്റത്. ആക്സിസ് ബാങ്ക് ലിമിറ്റഡിൽ സീനിയർ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് അക്ഷയ്. ഞായറാഴ്ച രാത്രി ഒന്പതോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപത്തുവച്ചു അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്യാം (33), വർക്കല സ്വദേശി സഞ്ജു (38), വാമനപുരം സ്വദേശി അഭിജിത്ത് (36) എന്നിവർക്കെതിരെ മംഗലാപുരം പോലീസ് കേസെടുത്തു.
ബൈക്ക് യാത്രികന്റെ കാലിലൂടെ ലോറി കയറി
പോത്തൻകോട്: ബൈക്ക് യാത്രികനായ യുവാവിന്റെ കാലിലൂടെ ടോറസ് ലോറി കയറിയിറങ്ങി ഗുരുതര പരിക്ക്. വാവറയമ്പലം സ്വദേശി ബിനുകുമാറി(27)ന്റെ വലതു കാലിലൂടെയാണ് ലോറി കയറിയിറങ്ങിയത്. ഇന്നലെ പകൽ 12.45ന് പോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ ഭീമ ജൂവലറിക്കു മുന്പിലായിരുന്നു അപകടം. ഒരേ ദിശയിൽ വരികയായിരുന്ന കാർ ജൂവലറിക്കുമുന്നിൽ നിർത്തിയ ശേഷം ഡോർ തുറക്കുന്നതിനിടെ പിറകെ വന്ന ബൈക്ക് ഡോറിൽ ഇടിച്ച് ബിനു കുമാർ റോഡിൽ വീഴുകയായിരുന്നു. തുടർന്നു പിറകെ വന്ന ടോറസ് ലോറി ബിനുവിന്റെ കാലിലൂടെ കയറിയിറങ്ങി.
വലതു കാലിനു ഗുരുതര പരിക്കേറ്റ ബിനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്നു ഡോക്ടർ അറിയിച്ചതിനാൽ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി പോസ്റ്റുകളിൽ നമ്പർ എഴുതുന്നതിന്റെ കരാർ തൊഴിലാളിയാണ് ബിനുകുമാർ. നിർത്താതെ പോയ കാർ പൊലിസ് കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്.
Tags : Accident NattuVishasham DistrictNews