മുണ്ടക്കയം: കായിക ഭൂപടത്തിൽ മുണ്ടക്കയത്തിന് പുത്തൻ ഉണർവേകി പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന സ്പോർട്സ്-യുവജനക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ ഒരു നിയോജക മണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻചന്ത സ്റ്റേഡിയം നവീകരിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപയും സംസ്ഥാന സ്പോർട്സ് വകുപ്പിൽനിന്ന് 50 ലക്ഷം രൂപയും ഉൾപ്പെടെ ഒന്നേകാൽ കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്.
വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങൾക്ക് ആധുനിക സംവിധാനങ്ങളോടുകൂടിയ സൗകര്യവും കൂടാതെ അത്ലറ്റിക്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്നുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനു ചുറ്റും ചെയിൻ ലിങ്ക്ഡ് ഫെൻസിംഗ്, കാണികൾക്ക് ഇരുന്ന് കളികൾ ആസ്വദിക്കുവാൻ സ്റ്റെപ്പ് ഗാലറി എന്നിവയും ഫ്ലഡ്ലിറ്റിന്റെ മാതൃകയിൽ 200 വാട്ട്സിന്റെ നാല്പതോളം ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
ആളുകൾക്ക് പുലർച്ചയും സായാഹ്നത്തിലും നടക്കുന്നതിനും വ്യായാമത്തിനുമായി ഗ്രൗണ്ടിന് ചുറ്റും 400 മീറ്ററോളം നീളത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും മഴക്കാലത്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനായി ഡ്രൈനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Tags : nattu vishesham Mundakayam Puthanchanta