പ്രവർത്തനം ആരംഭിക്കാത്ത മുണ്ടക്കയത്തെ പുതിയ സബ് ട്രഷറി കെട്ടിടം.
മുണ്ടക്കയം: വർഷങ്ങളുടെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മുണ്ടക്കയത്ത് സബ് ട്രഷറിക്കായി പുതിയ കെട്ടിടം നിർമിച്ചു. ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സബ് ട്രഷറിക്കായി ബഹുനില കെട്ടിടം നിർമിച്ചത്.
ആധുനിക സൗകര്യങ്ങളോടുകൂടി രണ്ട് നിലകളായി 2700 ചതുരശ്ര വിസ്തൃതിയിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 26ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നിരുന്നു.
എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസമായിട്ടും പുതിയ കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറ്റി പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിലവിൽ കൂട്ടിക്കൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറിവേണം ഉപഭോക്താക്കൾക്ക് ഓഫീസിൽ എത്തുവാൻ. ഇത് പെൻഷൻ വാങ്ങുവാൻ എത്തുന്ന പ്രായമായവരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. പലർക്കും പടികളിൽ നിന്ന് വീണ് പരിക്കേറ്റ സംഭവവും ഇടുങ്ങിയ ഓഫീസ് മുറിയിൽ തിങ്ങി ഞെരുങ്ങി നിന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്.
പുതിയ കെട്ടിടത്തിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസമായി പറയുന്ന പ്രധാന കാരണം. ഇതിനായി കരാറുകാരൻ 40000 ഓളം രൂപ വാട്ടർ അഥോറിറ്റിയിൽ അടക്കേണ്ടതുണ്ട്. ഈ തുക പിന്നീട് സർക്കാരിൽ നിന്ന് ലഭിക്കുമെങ്കിലും ഇത് അടയ്ക്കാത്തതാണ് വാട്ടർ കണക്ഷൻ ലഭിക്കാതിരിക്കുന്നതിന് തടസമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച കെട്ടിടത്തിന്റെ പരിസരം കാടുകയറി തുടങ്ങി. പ്രദേശം സാമൂഹ്യവിരുദ്ധ മലമൂത്ര വിസർജനത്തിന് ഉപയോഗിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനാണ് പെൻഷനേഴ്സ് യൂണിയന്റെ തീരുമാനം.
Tags : NattuVishesham DistrictNews