തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ 16 പേർ മരിക്കാൻ ഇടയായതു വെടിക്കോപ്പുകൾ നിർമിക്കുന്പോൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർസംവിധാനം പരാജയപ്പെട്ടതിനാലാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ, വെടിക്കെട്ടപകടം സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ വടക്കാഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൾ റസാഖ് ഉത്തരവിട്ടു.
ചൂടു കൂടുതലുള്ള കാലാവസ്ഥയിൽ വായുമണ്ഡലം തണുപ്പിക്കാനുള്ള മുൻകരുതൽ എടുത്തിട്ടില്ല, സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായി, സുരക്ഷാക്രമീകരണങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആന്റോ ഡി. ഒല്ലൂക്കാരനാണ് ഹർജി നല്‍കിയത്.
കൊച്ചി എക്സ്പ്ലോസീവ് സേഫ്റ്റി ഓഫീസർ ദീപക് കുമാർ, വടക്കഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, മുണ്ടത്തിക്കോട് വില്ലേജ് ഓഫീസർ യാമിനി, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.കെ. നിതീഷ്, തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുജിത്ത് എന്നിവരാണ് എതിർകക്ഷികൾ. ഹർജിക്കാരനുവേണ്ടി അഡ്വ. ബേബി പി. ആന്റണി ഹാജരായി.
Tags : nattu vishesham Mundathikodu