ചാലക്കുടി: പുറമ്പോക്ക് കൈയേറിയുള്ള അനധികൃത നിർമാണം പൊളിക്കുന്നതിന്റെ മറവിൽ തുടർ നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം നഗരസഭ തടഞ്ഞു.
നഗരസഭയിലെ സൗത്ത് ജംഗ്ഷനിൽ ടൗണിന്റെ ഹൃദയഭാഗത്ത് പുറമ്പോക്ക് കൈയേറി അനധികൃതമായി നിർമിച്ച കെട്ടിടത്തിന്റെ ഒരുഭാഗം ഉടമതന്നെ പൊളിച്ചു. ഇറിഗേഷൻ കനാലിനോടുചേർന്ന് നിർമിച്ച പഴയ ഷോപ്പിംഗ് കോംപ്ലക്സിനോടുചേർന്നാണ് ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് സ്ഥലം കൈയേറിയും നിലവിലുള്ള കെട്ടിടത്തിലെ പാർക്കിംഗ് ഏരിയ അടച്ചുകെട്ടിയും നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
കഴിഞ്ഞദിവസം ഉടമ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും നടത്തിയതിനെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തടഞ്ഞെങ്കിലും നിർമാണം നിർത്താൻ ഉടമ തയാറാകാത്ത സാഹചര്യത്തിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ 15 ഓളം കൗൺസിലർമാർ നേരിട്ടെത്തി നിർമാണം തടഞ്ഞു. പോലീസ് സ്ഥലത്തെത്തി കോടതിയിൽനിന്നു നിർദേശം ഉണ്ടാകുന്നതുവരെ നിർമാണ പ്രവൃത്തികൾ ചെയ്യരുതെന്ന് ഉടമയെ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കുകയും പുറമ്പോക്കിൽ നിർമിച്ച കെട്ടിടത്തിന്റെ ഭാഗം ഉടമതന്നെ പൊളിക്കുകയുംചെയ്തു.
എന്നാൽ പൊളിക്കുന്നതിന്റെ മറവിൽ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ അനധികൃതമായി നിർമാണ പ്രവൃത്തികൾ നടത്താൻ ഉടമ വീണ്ടും ശ്രമം നടത്തി. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി നിർമാണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിട്ടും ഉടമ നിർമാണം തുടർന്നു. വിവരമറിയിച്ചതിന്റെ ഭാഗമായി ഉടമയെ പോലീസ് സ്റ്റേഷനിൽ വരുത്തി കർശന നിർദേശംനൽകി.
പുറമ്പോക്ക് കൈയേറിയുള്ള നിർമാണവും പാർക്കിംഗ് ഏരിയ അടച്ചുകെട്ടി നടത്തിയ നിർമാണവും പൂർണമായും പൊളിച്ചുനീക്കുന്നതിന് നടപടികളുമായി നഗരസഭമുന്നോട്ടുപോകുമെന്ന് ചെയർപേഴ്സൺ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, പൊതുമരാമത്ത് ചെയർമാൻ ജിയൊ കിഴക്കുംതല എന്നിവർ അറിയിച്ചു.