നഗരസഭ ചെയര്മാന് എസ്. സോബിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കൗൺസിലർമാരും എക്സറേ കവലയും പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നു.
ചേര്‍ത്തല: ചേര്‍ത്തലയിലെ ഗതാഗതകുരുക്കിനു പരിഹാരം തേടി ചേര്‍ത്തല നഗരസഭയുടെ അടിയന്തര ഇടപെടല്‍. നഗരത്തിലെ ഏറ്റവും തലവേദനയായ എക്സറേ കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തര യോഗം നഗരസഭ വിളിച്ചുകൂട്ടി.
എക്സറേ കവലയിലുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലേക്കായി ദേശീയപാത അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം നഗരസഭാ ചെയർമാന് എസ്. സോബിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്നു. എക്സറേ കവലയിൽ നിലനിൽക്കുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് പ്രായോഗികമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് യോഗത്തിൽ ധാരണയായി.
തുടര്‍ന്ന് ഉദ്യോഗസ്ഥരും കൗൺസിലർമാരും ചെയർമാന്റെ നേതൃത്വത്തിൽ എക്സറേ കവലയും പരിസര പ്രദേശങ്ങളും സന്ദർശിച്ച് വരുത്തേണ്ട മാറ്റങ്ങളെ വിലയിരുത്തി.
നിര്‍ദേശങ്ങള്‍ സമയബദ്ധമായി പൂർത്തീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയും ഉണ്ടെന്ന് ട്രാഫിക് റെഗുലേറ്ററി വിലയിരുത്തി. നിർദേശങ്ങൾ പരമാവധി ഒരാഴ്ചയ്ക്കകം നടപ്പിലാക്കണമെന്ന് ദേശീയപാത അധികൃതരോട് ചെയർമാന് എസ്. സോബിന്‍ ആവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, കൗൺസിലർമാരായ വി. സുരേഷ് കുമാർ, അർച്ചന ആർ. പിള്ള, സിന്ധു ബൈജു, ആർ. ഗീതാകുമാരി, ഡി. ജ്യോതിഷ് എന്നിവരും ചേർത്തല ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ ഡി. സജീവ് കുമാർ, ചേർത്തല പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. ബിജു, നഗരസഭ ഓവർസിയർ വി. വിനോദ് കുമാർ എന്നിവരും ദേശീയപാത അഥോറിറ്റിയെ പ്രതിനിധീകരിച്ച് സേഫ്റ്റി ഓഫീസർ അജിം അൻസാരി, ലെയിസൺ ഓഫീസർ രാജു എന്നിവർ പങ്കെടുത്തു.
ദേശീയപാത അധികൃതർക്ക് ട്രാഫിക് റെഗുലേറ്ററി
കമ്മിറ്റി നല്കിയ നിർദേശങ്ങള്‍
*എക്സറേ കവലയിൽനിന്നും തെക്കോട്ട് പോകുന്ന ഭാഗത്ത് നിലവിൽ വച്ചിരിക്കുന്ന ബാരിക്കേഡുകൾ ഒതുക്കിവയ്ക്കണം.
*പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിലെ ബാരിക്കേഡുകൾ എടുത്തു മാറ്റുക.
*ശരത് ഫർണിച്ചേഴ്സിന്റെ സമീപം സർവീസ് റോഡിന്റെ ഭാഗമായ കാനയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന സ്ലാബ് നീക്കം ചെയ്യുക.
*ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന്റെ സമീപമുള്ള സർവീസ് റോഡിലെ കുഴി സ്ലാബിട്ട് മൂടുക.
*പോളിടെക്നിക് എക്സറേ വരെയുള്ള സർവീസ് റോഡ് അടിയന്തരമായി ടാർ ചെയ്യുക.
*ടാർ ചെയ്യുന്ന സമയം വരെ ഈ റോഡിന്റെ എല്ലാ ഭാഗത്തും ദിവസവും കുറഞ്ഞത് മൂന്നു നേരമെങ്കിലും വെള്ളം നനക്കുക.
*ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് നയാര പമ്പിന് മുന്നിലൂടെയുള്ള സർവീസ് റോഡിന്റെ ഭാഗം അടയ്ക്കുന്നതിനും വാഹനഗതാഗതം സർവീസ് റോഡ് ഉൾപ്പെടെ നാലു വരിക്ക് പകരം മൂന്നു വരിയാക്കി ക്രമീകരിക്കുക.
*ദാസ് മോട്ടോർസിന്റെ ഭാഗത്ത് സ്ലാബ് പൊട്ടി ഗർത്തം വന്നിരിക്കുന്ന സ്ഥലത്ത് അടിയന്തരമായി റിപ്പയർ ചെയ്ത് സ്ലാബ് പുനഃസ്ഥാപിക്കുക.
*നാലുവരിയിലൂടെ വരുന്ന വാഹനങ്ങൾ ഒരുവരിയിലേക്ക് ഗതാഗതം ചുരുങ്ങുന്നത് ഒഴിവാക്കി രണ്ടുവരിയിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കുക.
*ഈ ഭാത്തെ റോഡുകള്‍ അടിയന്തരമായി ടാർ ചെയ്യുക.
*പണി പൂർത്തിയായിരിക്കുന്ന എക്സറേ ജംഗ്ഷന്റെ മധ്യഭാഗത്തുള്ള ഉയരപ്പാതയുടെ അടിഭാഗത്ത് താമസിക്കുന്ന തൊഴിലാളികളുടെ താമസം അടിയന്തരമായി മാറ്റി ആ ഭാഗത്ത് വാഹനഗതാഗതം പുനഃസ്ഥാപിക്കുക.
Tags :