രാമപുരം കവലയിൽ എസ്എൻഡിപി കെട്ടിടത്തിനു സമീപത്തെ ഓടയുടെ സ്ലാബ് തകർന്ന നിലയിൽ.
കൂത്താട്ടുകുളം: എംസി റോഡില്‍ രാമപുരം കവലയിലെ എസ്എന്‍ഡിപി കെട്ടിടത്തിന് സമീപത്തെ ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് ആഴ്ചകള്‍ പിന്നിട്ടിട്ടും പുനസ്ഥാപിക്കാന്‍ നടപടിയില്ല. ഓടയുടെ മുകള്‍ഭാഗത്തെ സ്ലാബ് തകര്‍ന്ന് ഉള്ളിലേക്ക് പതിച്ചതോടെ രൂപപ്പെട്ട വലിയ ഗര്‍ത്തം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണ് രാമപുരം കവല. ഗവ. യുപി സ്കൂള്‍ ഉള്‍പ്പടെ രണ്ടു വിദ്യാലയങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രാവിലെയും വൈകുന്നേരവും ആശ്രയിക്കുന്ന നടപ്പാതയിലാണ് ഈ അപകടക്കെണി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
റോഡിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ അശ്രദ്ധമായി എത്തുന്ന വാഹനങ്ങള്‍ ഇതിലേക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവ് മൂലം ഈ ഗര്‍ത്തം യാത്രക്കാരുടെ ശ്രദ്ധയില്പെടാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ദിവസേന ഒട്ടേറെ ആളുകള്‍ വന്നുപോകുന്ന ഈ പ്രധാന ജംഗ്ഷനിലെ അപകടാവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags :