കൊല്ലം :നഴ്സിംഗ് വിദ്യാർഥിയുടെ ദുരൂഹ മരണത്തെ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ആലപ്പുഴ തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) ദുരൂഹമരണം സംബന്ധിച്ചഅന്വേഷണമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നഴ്സിംഗ് വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ ജനുവരി 18 ന് മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്.
മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണ്ണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനയ്ക്കെതിരെ ഉണ്ടായിരുന്നുവെന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കുവാൻ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ച ശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ആലപ്പുഴയിൽ നിന്നു മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മുട്ടുസൂചി കുത്തി തറച്ച നിലയിലും ആയിരുന്നു.
കൊല്ലം സിറ്റി കമ്മീഷണർക്കു ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്ക് അന്വഷണം കൈമാറായിരുന്നു. ഇവരുടെ അന്വഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്റെ അന്വഷണത്തിൽ വലിയ വീഴ്ചയുള്ളതായും പോലീസ് അന്വഷണം അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെ തുടർന്ന് തുടരന്വഷണം സംസ്ഥനക്രൈം ബ്രാഞ്ചിന് കൈമാറിയത്.