ഗർത്തങ്ങൾ നിറഞ്ഞ നെടുങ്കണ്ടം - കട്ടക്കാല റോഡ്.
നെടുങ്കണ്ടം: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മാത്രം ബാക്കിയാക്കി നെടുങ്കണ്ടം - മൈനർസിറ്റി - കട്ടക്കാല റോഡ് പുനർനിർമാണം പൂർണമായി നിലച്ചു. കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ ഇതുവഴിയുള്ള യാത്ര വൻ ദുരിതമായി മാറി. നാലുകോടി രൂപ ചെലവഴിച്ച് 4.5 കിലോമീറ്റർ ദൂരത്തിൽ നിർമിക്കാൻ ലക്ഷ്യമിട്ട റോഡിന്റെ പണിയാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ 2023ലാണ് റോഡിന്റെ പുനർനിർമാണം ആരംഭിച്ചത്. എന്നാൽ, തുടക്കം മുതലേ പലതവണ നിർത്തിവച്ച പണി ഇപ്പോൾ പൂർണമായും ഉപേക്ഷിച്ച നിലയിലാണ്.
ആകെ നാലു കലുങ്കുകളുടെ നിർമാണവും ഭാഗികമായി എർത്ത് വർക്കുകളും ചിലയിടങ്ങളിൽ തറയോട് പാകലുമല്ലാതെ കാര്യമായ ഒരു നിർമാണവും നടന്നിട്ടില്ല. ഇതിനിടെ നിർമിച്ച ഭാഗങ്ങൾ പോലും നിലവിൽ പൂർണമായി തകർന്ന അവസ്ഥയിലാണ്. മൈനർസിറ്റി, കട്ടക്കാല, ചാറൽമേട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗവും ചാറൽമേട് ആയുർവേദ ആശുപത്രിയിലേക്കുള്ള ഏക വഴിയുമാണിത്. നിരവധി സ്കൂൾ വാഹനങ്ങളും നൂറുകണക്കിന് വിദ്യാർഥികളും രോഗികളും വയോധികരുമടക്കമുള്ളവർ ദിനംപ്രതി ആശ്രയിക്കുന്ന പാതയാണിത്.
റോഡിലെ കൂറ്റൻ ഗർത്തങ്ങളിൽ മഴവെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ ദയനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാടക വാഹനങ്ങൾ ഇങ്ങോട്ടു സർവീസ് നടത്താൻ മടിക്കുകയാണ്. പ്രതിഷേധങ്ങൾ ഉയരുമ്പോഴെല്ലാം പണി ഉടൻ പൂർത്തിയാക്കുമെന്ന് കരാറുകാരൻ വാക്ക് നൽകുമെങ്കിലും നടപ്പാക്കാറില്ല. 15 ദിവസം മുമ്പ് എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും ഉടൻ പണി പുനരാരംഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.
അധികൃതരുടെയും കരാറുകാരന്റെയും വഞ്ചനാപരമായ നിലപാടിനെതിരേ നാട്ടുകാരുടെയും പ്രാദേശിക ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ ബഹുജന പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.