വേമ്പനാട്ടു കായലിലെ നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ നിർമാണം പൂർത്തിയായ കായൽ പാലത്തിന്റെയും സമീപന റോഡിന്റെ ടാറിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ജലവിഭ
വൈക്കം: കോട്ടയം-ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു വേമ്പനാട്ടു കായലിലെ നേരേകടവ്-മാക്കേകടവ് ഫെറിയിൽ നിർമാണം പൂർത്തിയായ കായൽ പാലത്തിന്റെ സമീപന റോഡിന്റെ ടാറിംഗ് പൂർത്തിയാക്കുന്നതിനു മുന്നോടിയായി പാലത്തിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ കേബിൾ സ്ഥാപിക്കൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്.
ഇന്നലെ ഉച്ചയ്ക്ക് മന്ത്രി മോൻസ് ജോസഫ് കെ. ബിനിമോൻ എംഎൽഎയ്ക്കൊപ്പം പാലം സന്ദർശിച്ച് സമീപന റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുമ്പോഴാണ് പാലത്തിന്റെ ടാറിംഗിന് തടസമാകുന്നവിധത്തിൽ ഇഴഞ്ഞുനീങ്ങുന്ന കേബിൾ സ്ഥാപിക്കൽ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചത്.
ഒരാഴ്ചയ്ക്കകം കേബിൾ വലിച്ച് കെഎസ്ഇബി പണികൾ പൂർത്തിയാക്കണമെന്നും തൊട്ടടുത്ത ദിവസം കരാറുകാർ പാലത്തിലേയും സമീപന റോഡിലേയും ടാറിംഗ് ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. രാത്രിയും പകലുമായി അഞ്ചുദിവസത്തെ പണി മാത്രമേ തങ്ങൾക്കുള്ളൂവെന്നും ടാറും യന്ത്രങ്ങളും സജ്ജമാണെന്നും കെഎസ്ഇബി കേബിൾ സ്ഥാപിച്ചശേഷം മാറിയാൽ ഉടൻ പണി ആരംഭിക്കുമന്നും കരാറുകാർ മന്ത്രിക്ക് ഉറപ്പു നൽകി.
സെപ്റ്റംബർ 30ന് പാലത്തിന്റെ കരാർ കാലാവധി പൂർത്തിയാകുന്നതിനാൽ15 ദിവസം കുടി കാലാവധി നീട്ടി നൽകണമെന്ന കരാറുകാരുടെ ആവശ്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബർ 15 ഓടെ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു.
വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. പാലംയാഥാര്ഥ്യമാകുന്നതോടെ വൈക്കത്തുനിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍നിന്നും വൈക്കം വഴി തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും.