x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ല : അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ


Published: June 28, 2026 04:46 AM IST | Updated: June 28, 2026 04:46 AM IST

Adoor General Hospital

അ​ടൂ​ർ: രോ​ഗി​ക​ളു​ടെ തി​ര​ക്കി​ന് അ​നു​സൃ​ത​മാ​യി അ​ടൂ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ല. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളി​ൽ പ​ല​തും ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി. പ്ര​തി​ദി​നം ശ​രാ​ശ​രി 1800 രോ​ഗി​ക​ളാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സേ​വ​നം നേ​ടു​ന്ന​ത്.

ഓ​ർ​ത്തോ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​നെ​ക്കോ​ള​ജി, ക​ണ്ണ്, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദി​വ​സേ​ന നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഏ​റ്റ​വും കു​റ​വ് മാ​ന​വ​വി​ഭ​വ​ശേ​ഷി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്റ്റാ​ഫ്‌ പാ​റ്റേ​ൺ ആ​ണ് ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള​ത്.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ മാ​ന​വ വി​ഭ​വ​ശേ​ഷി​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ‌​ഷ​ൻ ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ നേ​ര​ത്തേ തന്നെ അറിയിച്ചതാണ്.

അ​സ്ഥി​രോ​ഗ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​വും അ​വ​താ​ള​ത്തി​ൽ

എം​സി റോ​ഡ​രി​കി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യെ​ന്ന നി​ല​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ിപ്പിക്കണമെന്ന ആ​വ​ശ്യം നി​ര​ന്ത​ര​മാ​യി ഉ​യ​രു​ന്ന​താ​ണ്. എ​ന്നാ​ൽ പ്ര​തി​ദി​ന ഒ​പി​ക​ളും ശ​സ്ത്ര​ക്രി​യ​ക​ളും മു​ട​ങ്ങാ​തെ ന​ട​ക്കു​ന്ന​തി​നു​ള്ള ഡോ​ക്ട​ർ​മാ​ർ പോ​ലും നി​ല​വി​ലി​ല്ല. ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ ആ​കെ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്.

പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എത്തുന്ന അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ ത​സ്തി​ക​യി​ൽ മാ​സ​ങ്ങ​ളാ​യി നി​യ​മ​നം ന​ട​ക്കാ​തെ ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. ദി​വ​സേ​ന​യു​ള്ള ഒ​പി​ക​ളും ഓ​പ്പ​റേ​ഷ​നു​ക​ളും പോ​ലും മു​ട​ങ്ങു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്.

ഫോ​റ​ൻ​സി​ക് സ​ർ​ജ​നി​ല്ല; പോ​സ്റ്റ്മോ​ർ​ട്ട​വും മു​ട​ങ്ങി

പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്താ​ൻ ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​തു മൂ​ലം മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ബ​ന്ധു​ക്ക​ൾ​ക്കു നാ​ടുചു​റ്റേണ്ട അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് അ​ടൂ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ക്കു​ക എ​ന്ന​ത്.
ആ​ശു​പ​ത്രി​യു​ടെ സാ​ഹ​ച​ര്യം ഇതായിരിക്കെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​ർ പ​രാ​ധീ​ന​ത​ക​ളു​ടെ പ​ട്ടി​ക നി​ര​ത്തി​യി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ചി​കി​ത്സ ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ ആ​ളു​ക​ൾ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നേ​രേ തി​രി​യു​ന്ന​ത് ഇവിടെ പ​തി​വു സം​ഭ​വ​മാ​യി.

ക​ഴി​ഞ്ഞ 14നു ​രാ​ത്രി പ​ത്തി​ന് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​രുകൂ​ട്ടം ആ​ളു​ക​ൾ ഭീ​ക​ര​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് പ​രി​ഭ്രാ​ന്തി ഉ​ള​വാ​ക്കി.​അ​ടി​യ​ന്ത​ര​മാ​യി ഓ​പ്പ​റേ​ഷ​ൻ വേ​ണ്ട, കൈ​ക്കു ഗു​രു​ത​ര പ​രി​ക്കു​മാ​യി വ​ന്ന രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടുപോ​ക​ണ​മെ​ന്നുപ​റ​ഞ്ഞ​പ്പോ​ൾ ഡോ​ക്ട​റോ​ടും മ​റ്റു ജീ​വ​ന​ക്കാ​രോ​ടും ആ​ക്രോ​ശി​ക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ഭീ​ഷ​ണി​പ്പ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല കൂ​ടി​യു​ള്ള ന​ഗ​ര​സ​ഭ​യി​ല ഒ​രു കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്.

സംഭവം പോ​ലീ​സി​നെ അ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ർ എ​ത്തു​ക​യോ ന​ട​പ​ടി​ സ്വീ​ക​രി​ക്കുകയോ ചെയ്തില്ലെന്ന് കെ​ജി​എം​ഒ​എ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു പു​തി​യ ത​സ്തി​ക​ക​ൾ വേ​ണം

കേ​വ​ലം ഒ​ന്നോ ര​ണ്ടോ ഡോ​ക്ട​ർ​മാ​രെ നി​യോ​ഗി​ച്ച് ഇ​ട​ത​ട​വി​ല്ലാ​തെ സേ​വ​നം ന​ൽ​കു​ന്ന രീ​തി​യാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ, പീ​ഡി​യാ​ട്രി​ക്, അ​ന​സ്തേ​ഷ്യ തു​ട​ങ്ങി​യ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും ര​ണ്ടു വീ​തം ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

ക​ണ്ണ്, ത്വക് വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ശ്വാ​സ​കോ​ശ വി​ഭാ​ഗം, സൈ​ക്യാ​ട്രി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​ർ പോ​ലു​മി​ല്ല.ദി​വ​സേ​ന 1600 മു​ത​ൽ 2000 വ​രെ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഒ​രു ആ​ശു​പ​ത്രി യിൽ ന്യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി നെ​ഫ്രോ​ള​ജി, ന്യൂ​റോ​ സ​ർ​ജ​റി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ ഒ​ന്നു​പോ​ലു​മി​ല്ല.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നോ ര​ണ്ടോ ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദി​വ​സേ​ന ഉ​ള്ള ഒ​പി​യും ഓ​പ്പ​റേ​ഷ​നു​ക​ളും പോ​ലും മു​ട​ക്ക​മി​ല്ലാ​തെ പോ​കു​ന്ന​ത് ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യും വീ​ക്ക് ലി​ഓ​ഫും കൃ​ത്യ​മാ​യി എ​ടു​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന​തുകൊ​ണ്ടാ​ണ്.

ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ പോ​ലു​ള്ള ദ്വി​തീ​യ പ​രി​ച​ര​ണ ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ കൂ​ടു​ത​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ ത​സ്തി​ക​ക​ളും സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ചു കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ റ​ഫ​റ​ൽ നി​ര​ക്ക് കു​റ​യ്ക്കാ​നും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ തി​ര​ക്ക് ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​നു​മാ​കു​മെ​ന്ന് കെ​ജി​എം​ഒ​എ ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം; സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു

പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്നു പ​ിടിച്ചതോടെ ആ​ശു​പ​ത്രി​യിലേ​ക്ക് രോ​ഗി​ക​ൾ കൂടുതലായെത്തുന്നു. ഡോ​ക്ട​ർ​മാ​രു​ടെ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ജ​ന​റ​ൽ ഒ​പി​യി​ലും സാ​യാ​ഹ്ന‌ ഒ​പി​യി​ലും സേ​വ​നം ന​ൽ​കു​ന്ന​തി​ന് എ​ച്ച്എം​സി നി​യ​മി​ച്ച ഒ​രു ഡോ​ക്ട​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​തെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​. എ​ച്ച്എം​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തേ​ണ്ട പ​ല ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​ങ്ങ​ളി​ലെ തി​ര​ക്കി​ന് ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് രോ​ഗീപ​രി​ച​ര​ണ​ത്തെ ബാ​ധി​ക്കു​ക​യും പ​ല​പ്പോ​ഴും രോ​ഗി​ക​ളു​ടെ അ​സം​തൃ​പ്തി​ക്കു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ന്പ​തോ അ​റു​പ​തോ രോ​ഗി​ക​ളെ നോ​ക്കേ​ണ്ടി​യി​ട​ത്തു 100ഉം 150ഉം 200 ഉം ​രോ​ഗി​ക​ളെ ഒ​രു ഡോ​ക്ട​ർ ഒ​റ്റ​യ്ക്ക് നോ​ക്കേ​ണ്ടിവ​രു​മ്പോ​ൾ രോ​ഗി​ക​ളു​ടെ രോ​ഗാ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി കേ​ൾ​ക്കു​ന്ന​തി​നോ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നോ ഡോ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. ഇ​തു ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു വ​ഴിതെ​ളി​ച്ചേ​ക്കാം.

അ​ടി​യ​ന്ത​രപ്രാ​ധാ​ന്യ​മു​ള്ള ത​സ്തി​ക​ക​ളി​ലും ആ​ളി​ല്ല

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന ത​സ്തി​ക​ക​ളാ​യ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ന​സ്തെ​റ്റി​സ്റ്റ്, ക​ൺ​സ​ൽ​ട്ട​ന്‍റ് ഓ​ർ​ത്തോ, നി​ര​വ​ധി കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​ക​ൾ മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ 24 മ​ണി​ക്കൂ​ർ ന​ൽ​കി​യി​രു​ന്ന പ്ര​സ​വ ശു​ശ്രൂഷ അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

പൂർണ ഗ​ർ​ഭി​ണി​ക​ളെ പോ​ലും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞുവി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​തി​നു​ള്ള പ​ഴി​യും ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​ർ ത​ന്നെ കേ​ൾ​ക്കണം. അ​ന​സ്തേ​ഷ്യ ഡോ​ക്ട​റു​ടെ അ​ഭാ​വം മൂ​ലം മ​റ്റ് ശ​സ്ത്ര​ക്രി​യ​ക​ളും മു​ട​ങ്ങിയിരിക്കുകയാണ്.

 

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up