പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊപ്പം ആനന്ദപ്പള്ളിയുടെ മണ്ണിൽ ഇരമ്പിയാർക്കാറുള്ള ആവേശകരമായ മരമടി മഹോത്സവം ഇക്കൊല്ലവും ഉണ്ടാകില്ല. മൃഗങ്ങളെ ഉപയോഗിച്ചുള്ള ജെല്ലിക്കെട്ട് പോലെയുള്ള ആഘോഷങ്ങളും മത്സരങ്ങളും നിർത്തിവയ്ക്കാനുള്ള കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് മരമടി മഹോത്സവം നിലച്ചത്. എന്നാൽ കാർഷിക മഹോത്സവമായ ആനന്ദപ്പള്ളി മരമടിയെ മൃഗങ്ങളെ ഉപദ്രവിക്കുന്നതായ മേളകളുടെ ഗണത്തിൽപെടുത്തരുതെന്ന ആവശ്യമാണ് സംഘാടകർക്കുണ്ടായിരുന്നത്. ഇതു പരിഗണിച്ച് കഴിഞ്ഞ സർക്കാർ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവു മത്സരങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിനായി പാസാക്കിയ ബിൽ നിയമമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാത്തതാണ് ഇത്തവണയും വിനയായത്.
2015 ഒക്ടോബർ ഒന്പതിനാണ് കഴിഞ്ഞ സർക്കാർ മരമടി ഉൾപ്പെടെയുള്ള പരമ്പരാഗത കർഷക വിനോദങ്ങൾ പുനരാരംഭിക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയത്. എന്നാൽ തുടർനടപടികൾ കൃത്യമായി പൂർത്തിയാക്കാതെ ഭരണമൊഴിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
2008-ൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മൃഗപീഡനം ചൂണ്ടിക്കാട്ടി മത്സരം നിരോധിച്ചതോടെയാണ് ആനന്ദപ്പള്ളി മരമടി മത്സരത്തിനും വിലക്കുവീഴുന്നത്. സംഘാടക സമിതിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി 2012-ൽ 60-ാമത് മരമടി മത്സരം നടത്താൻ അനുമതി ലഭിച്ചെങ്കിലും അതിനുശേഷം ഇതേവരെ പാലശേരി ഏലായിൽ മത്സരങ്ങൾ പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
ജെല്ലിക്കെട്ട് നിരോധനത്തി നെതിരേ തമിഴുനാട്ടിൽ ശക്തമായ യുവജന പ്രക്ഷോഭം ഉയ
ർന്നു വന്നതിനേത്തുടർന്ന് 2017-ൽ കേന്ദ്ര സർക്കാർ നിയമത്തിൽ ഇളവ് വരുത്തി. അതാത് സംസ്ഥാനങ്ങൾക്ക് നിയമസഭകളിൽ ബില്ല് പാസാക്കി ഇത്തരം പരമ്പരാഗത ഉത്സവങ്ങൾ നടത്താൻ അനുമതി നൽകി.
കേന്ദ്ര ഇളവ് ലഭിച്ച ഉടൻതന്നെ തമിഴ്നാടും കർണാടകയും മഹാരാഷ്ട്രയും നിയമസഭകളിൽ ബിൽ പാസാക്കി അവരുടെ ഉത്സവങ്ങൾ പുനരാരംഭിച്ചു. എന്നാൽ കേരളം മാത്രം കർഷകരുടെ അപേക്ഷകൾ അവഗണിച്ച് ബിൽ പാസാക്കാതെ നീണ്ട എട്ടുവർഷമാണ് വൈകിച്ചത്. ഒടുവിൽ ഇടതു സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കിയെങ്കിലും, തുടർനടപടികളൊന്നുമില്ലാതെ അത് വഴിമുട്ടി നിൽക്കുകയാണിപ്പോൾ.
ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന മരമടി
1950ൽ അടൂർ പുതുവീട്ടിൽപ്പടി ഏലായിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആദ്യമായി മരമടി മത്സരം ആരംഭിക്കുന്നത്. കർഷക പ്രമുഖരായ പുതവീട്ടിൽ പാപ്പ മുതലാളി, അമ്പിയിൽ ചാക്കോ മുതലാളി എന്നിവരുടെ നേതൃത്വത്തിലാണ് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനു തുടക്കമിട്ടത്. പിന്നീട് ജനപങ്കാളിത്തവും പങ്കെടുക്കുന്ന ഉരുക്കളുടെ എണ്ണവും വർധിച്ചതോടെ മത്സരം അമ്പിയിൽ ഏലയിലേക്കും തുടർന്ന് കർഷക സമിതിയുടെ നേതൃത്വത്തിൽ 1986ൽ കൂടുതൽ സ്ഥലസൗകര്യമുള്ള ആനന്ദപ്പള്ളി പാലശേരി ഏലയിലേക്കും മാറ്റുകയായിരുന്നു.
എല്ലാ വർഷവും ഓഗസ്റ്റ് 15-ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരകാളകളും ആയിരക്കണക്കിന് കർഷകരും കർഷക തൊഴിലാളികളും വിദേശ വിനോദസഞ്ചാരികളും പാലശേരി ഏലായിൽ ഒത്തുചേരുമായിരുന്നു. മണ്ണും കർഷകനും കാളകളും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും വീര്യത്തിന്റെയും കഥ പറയുന്ന ഈ ആവേശപ്പോരാട്ടം, അധികൃതരുടെ അനാസ്ഥ കാരണമാണ് നടക്കാതെ പോകുന്നതെന്ന് ആനന്ദപ്പള്ളി കർഷക സമിതി പ്രസിഡന്റ് വർഗീസ് ദാനിയേലും സെക്രട്ടറി വി.കെ. സ്റ്റാൻലിയും പറഞ്ഞു.