തകർന്നുകിടക്കുന്ന എല്ലക്കൽ-മുല്ലക്കാനം റോഡ്.
മുല്ലക്കാനം: രാജാക്കാട് - കുഞ്ചിത്തണ്ണി റോഡിലെ എല്ലക്കൽ പാലം മുതൽ മുല്ലക്കാനം വരെയുള്ള റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമായില്ല. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത റോഡ് ആക്ഷൻ കൗൺസിൽ യോഗത്തിൽ ഉടുമ്പൻചോല, ദേവികുളം എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നൽകിയ വാക്ക് വെറും വാക്കായി മാറി.
സെപ്റ്റംബർ 25ന് റോഡിന്റെ നിർമാണം പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ പ്രദേശവാസികൾ പ്രത്യക്ഷ സമരം ആരംഭിക്കുകയാണെന്ന് ജനകീയ ആക്ഷൻ കൗൺസിൽ കൺവീനർ എല്ലക്കൽ ഇടവക വികാരി ഫാ. ജോൺ കലൂർ അറിയിച്ചു. നാലു വർഷങ്ങൾക്കു മുമ്പാണ് മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള ആറു കിലോമീറ്റർ റോഡ് പുനർ നിർമിക്കുന്നതിനും എല്ലക്കലിൽ മുതിരപ്പുഴയാറിന് കുറുകെ പാലം നിർമിക്കുന്നതിനും 39 കോടി രൂപ അനുവദിച്ചത്.
എന്നാൽ, കരാറുകാരന്റെ അനാസ്ഥ മൂലം റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. തേക്കിൻകാനം ഭാഗത്തുണ്ടായിരുന്ന പഴയ റോഡ് കൂടി നഷ്ടപ്പെട്ട അവസ്ഥയാണ് പ്രദേശവാസികളുടേത്. വേനൽകാലത്ത് പൊടിമൂലം യാത്ര ചെയ്യാൻ വയ്യാതെയാകുമ്പോൾ മഴക്കാലത്ത് ചെളിയിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥയുമാണ്. ശ്രീനാരായണപുരത്തത്തെ റിപ്പിൾ വാട്ടർഫാൾസിലേക്ക് വിനോദസഞ്ചാരികൾക്ക് പോകുന്നതിനുള്ള ഏകപാതയാണിത്. നാട്ടുകാർക്ക് ജനപ്രതിനിധികൾ നൽകിയ അവസാന വാക്കും പാഴ്വാക്കായതോടെ റോഡ് ഉപരോധമടക്കമുള്ള പ്രത്യക്ഷസമര പരിപാടികൾ ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
Tags :