വടക്കഞ്ചേരി: കർഷകർക്കൊപ്പം കാടുംമലയുംതാണ്ടി കിലോമീറ്ററുകൾ ഏറെനടന്ന് എൻഎസ്എസ് വോളന്റിയർമാർ നടത്തിയ സോളാർവേലി ക്ലിയറൻസും നിരീക്ഷണവും എൻഎസ്എസിന്റെ പുതുചരിത്രമായി മാറി.
വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ 40 പേരടങ്ങുന്ന എൻഎസ്എസ് വോളന്റിയർമാരുടെ സംഘമാണ് പാലക്കുഴി മലയിൽ പീച്ചി വനാതിർത്തിയിൽ പുതിയതായി സ്ഥാപിച്ച സോളാർ തൂക്കുവേലിയുടെ ക്ലിയറൻസും നിരീക്ഷണവും നാട്ടുകാരായ കർഷകർക്കൊപ്പം നടത്തിയത്.
കാടറിഞ്ഞും കാട്ടുമൃഗങ്ങളുടെ സവിശേഷതകൾ അടുത്തറിഞ്ഞുമായിരുന്നു നടത്തം. പൊൻമുടി മുതൽ താഴെ താണിചുവട് വരെയുള്ള പത്തുകിലോമീറ്റർ ദൂരത്താണ് സോളാറിന്റെ പുതിയ തൂക്കുവേലി സ്ഥാപിച്ചിട്ടുള്ളത്. വനാതിർത്തിയിലുണ്ടാകുന്ന മനുഷ്യ- വന്യമൃഗ സംഘർഷത്തിന്റെ കാരണങ്ങൾ മനസിലാക്കിയപ്പോൾ വിദ്യാർഥികൾക്കതു പുതിയ അനുഭവത്തിലൂടെയുള്ള കടന്നുപോക്കായി.
വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കാനും കാടിനെക്കുറിച്ചു പറയാനും ആലത്തൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്. മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി. സച്ചു, പരിസ്ഥിതി പ്രവർത്തകനായ വടക്കഞ്ചേരിയിലെ ശിവദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻഎസ്എസ് പ്രോഗ്രാം മുൻ ഓഫീസറും ഇലക്ട്രോണിക്സ് വിഭാഗം മേധാവിയുമായ ടി.എസ്.സുബിൻ, അധ്യാപകരായ എസ്.സുവിജ, ജി. ദിവ്യലക്ഷ്മി, കെ.ബി. നിസരി, ടി.സജിത, എൻഎസ്എസ് ലീഡർമാരായ കൈലാസ് പ്രഭു, എസ്.അനാമിക എന്നിവരാണ് ടീമിനെ നയിച്ചത്.
തൂക്കുവേലിക്കു താഴെയുള്ള വള്ളിപ്പടർപ്പുകളും അടിക്കാടുകളുംവെട്ടി ക്ലിയർ ചെയ്തു. പഞ്ചായത്ത് മെംബർ റെൻസി ജോയ്സ്, സെന്റ് തോമസ് പള്ളിവികാരി ഫാ. ജസ്റ്റിൻ കോലംകണ്ണി, ഫാ. പ്രസാദ് കുരിശിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന നാട്ടുകാരുടെ സംഘത്തിനൊപ്പമായിരുന്നു വിദ്യാർഥികളുടെ കാടറിയൽ നടത്തവും പണികളും സംഘടിപ്പിച്ചത്. രാവിലെ പ്രവൃത്തികൾ ആരംഭിക്കുംമുമ്പേ എല്ലാവരും ഒത്തുകൂടി. റേഞ്ച് ഓഫീസർ എൻ. സുബൈർ, പഞ്ചായത്ത് മെംബർ റെൻസി ജോയ്സ്, ഫാ. ജസ്റ്റിൻ കോലംകണ്ണി എന്നിവർ കാടുംകർഷകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കാടും കർഷകരും നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗിച്ചു.