കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കുന്ന എൻഎസ്എസ് വോളന്റിയർമാർ.
വടക്കഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ കെഎസ്ആർടിസി ബസുകൾ കഴുകി ചന്തമാക്കി എൻഎസ്എസ് വോളന്റിയർമാർ. ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് വടക്കഞ്ചേരി ഡിപ്പോയിലെ ബസുകളെല്ലാം കഴുകി തുടച്ച് പുത്തൻ പോലെയാക്കിയത്. ബസ് കഴുകൽ അത്ര എളുപ്പമല്ല. അതും ഒറ്റക്ക് ചെയ്യുമ്പോൾ ഭാരം കൂടും. കുട്ടികൾ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പ്രയത്നങ്ങൾ കൊണ്ടാണ് പൊടിപിടിച്ചും ചെളി നിറഞ്ഞതു മായ ബസുകൾ വൃത്തിയാക്കിയത്. എൻഎസ്എസ് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രവീൺ ശശിധരനാണ് ഇങ്ങനെയൊരു സത്പ്രവൃത്തി മുന്നോട്ടുവച്ചത്. സർവ പിന്തുണയുമായി വിദ്യാർഥികളും തയ്യാറായതോടെ ഗാന്ധി ജയന്തി ദിനത്തിൽ വിദ്യാർഥികൾക്കത് വേറിട്ട ശുചീകരണ പ്രവർത്തനമായി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് നിർവഹിച്ചു.
സ്റ്റേഷൻ ഇൻ ചാർജ് സുനിൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ പ്രവീൺ ശശിധരൻ,പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി, അധ്യാപകൻ കെ.എം. രൺധീർ , സ്റ്റേഷൻ ജീവനക്കാരായ സതീഷ്, നൗഷാദ് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews