കോടതി വിധി
തൊടുപുഴ: വയോധികയെ വര്‍ഷങ്ങളായി കഴിയുന്ന വീട്ടില്‍നിന്ന് ഒഴിവാക്കാനുള്ള തൊടുപുഴ സബ് കോടതി വിധി സമയം വൈകിയതിനാല്‍ നടപ്പായില്ല. ചക്കുങ്കല്‍ പി.സി. ഏബ്രഹാമിന്റെ ഭാര്യ അംബിക ഏബ്രഹാം (74) ആണ് തൊടുപുഴ പുളിമൂട്ടില്‍ പ്ലാസയ്ക്ക് സമീപത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്നത്. മലേപ്പറമ്പില്‍ ലൂക്കാച്ചനാണ് പരാതിക്കാരന്.
ലൂക്കാച്ചനും ഏബ്രഹാമും ബന്ധുക്കളാണ്. ഇവരുടെ ബന്ധുവായ കൊച്ചുതൊമ്മന്റേതാണ് വീടിരിക്കുന്ന സ്ഥലം. മക്കളില്ലാത്ത കൊച്ചുതൊമ്മന്‍ മരിച്ചതോടെ അയാളുടെ സഹോദരപുത്രനായ ലൂക്കാച്ചന് സ്ഥലത്തിനുടമയായി. ഏബ്രഹാം മരിച്ചതോടെ അംബികയെ വീട്ടില്‍നിന്ന് ഒഴിവാക്കാനായി ലൂക്കാച്ചന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍നിന്ന് ജീവനക്കാര്‍ എത്തിയതോടെ വീടിനുള്ളില്‍ കയറി കതകടച്ച അംബികയെ അനുനയിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച നടപടികള്‍ വൈകുന്നേരമായിട്ടും പൂര്‍ത്തീകരിക്കാനായില്ല. അടുത്ത ദിവസം കോടതി ഉത്തരവുമായി വന്ന് വിധി നടപ്പാക്കുമെന്ന് തൊടുപുഴ സബ് കോടതി നിയോഗിച്ച ജീവനക്കാര്‍ പറഞ്ഞു. 45 വര്‍ഷത്തിലധികമായി താമസിക്കുന്ന വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതിലുള്ള ബുദ്ധിമുട്ടിലാണ് അംബിക. വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് സമവായ നീക്കവും ആരംഭിച്ചിട്ടുണ്ട്.
Tags :