ഒല്ലൂർ: ജംഗ്ഷൻ വികസനത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണംചെയ്തു.പനംകുറ്റിച്ചിറ ഗവ.യുപി സ്കൂളിൽനടന്ന ചടങ്ങിൽ നഷ്ടപരിഹാരത്തുകയുടെ വിതരണം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഒല്ലൂരിലെ കുപ്പിക്കഴുത്ത് പൊട്ടിക്കുകയെന്നത് ദീർഘകാലമായുള്ള ഒരു സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമീപഭാവിയിൽ 300 ദിവസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന, ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരംനൽകുന്ന ആദ്യ ഇടമായി ഒല്ലൂർ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട് വികസിക്കുമ്പോൾ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അതു കേൾക്കുകയും അതു പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കേരളത്തിലെ 20 ജംഗ്ഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതിയിട്ടതിൽ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതാണ് ഒല്ലൂർ ജംഗ്ഷൻ വികസനം. മൂന്ന് ബസ്ബേകൾ, 1400 മീറ്റർ ഡ്രെയിനും ഫുട്ട്പാത്തും 70 സ്ട്രീറ്റ് ലൈറ്റ്, സിഗ്നൽ സിസ്റ്റം എന്നിവയാണ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. നഷ്ട പരിഹാരത്തുക വിതരണത്തിന്റെ ആദ്യഘട്ടമായി ഭൂമിയും വീടും വിട്ടുകൊടുത്ത 13 പേർക്കും പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 45 പേർക്കുമാണ് ഇന്ന് രേഖകൾ കൈമാറിയത്.
തൃശൂർ കോർപറേഷൻ കൗൺസിലർ ഡോ. കീർത്തന കാർത്തികേയൻ അധ്യക്ഷതവഹിച്ചു. ഒല്ലൂർ ജംഗ്ഷനിൽനിന്നു തൃശൂരിലേക്കും തലോരിലേക്കും ചേർപ്പിലേക്കും നടത്തറയിലേക്കും എടക്കുന്നി ദേവീക്ഷേത്രം റോഡിലേക്കുമുള്ള അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജംഗ്ഷൻ വികസനമാണ് നടപ്പിലാകുന്നത്. ജംഗ്ഷൻ വികസനത്തിനായി 2.12 ഏക്കർഭൂമി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54.10 കോടി രൂപ ഉടമസ്ഥർക്ക് നൽകിയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നത്.
ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ കച്ചവട സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും മറ്റുമായി 1.64 കോടിയുടെ പുനരധിവാസ പുനസ്ഥാപന പാക്കേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥയും എൽഎ ജനറൽ സ്പെഷൽ തഹസിൽദാറുമായ ടി.ജി. ബിന്ദു, കോർപറേഷൻ കൗൺസിലർമാരായ ലിംന മനോജ്, സ്മിത അനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. ബിജു, എൻ.കെ. ബിജു, ഷിജു കീടായി, തുടങ്ങിയവർ സസാരിച്ചു.