മാനാഞ്ചിറ -മലാപറമ്പ് റോഡില്‍ യൂട്ടിലിറ്റി ഡെക്റ്റ് സ്ഥാപിക്കുന്നു.
കോഴിക്കോട്: മാനാഞ്ചിറ-മലാപറമ്പ് റോഡ് പ്രവൃത്തി ധൃതി പിടിച്ചും അശാസ്ത്രീയമായും തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വലിയ രീതിയിലുള്ള അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ എങ്ങനെയും പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യൂട്ടിലിറ്റി ഡെക്റ്റ് സ്ഥാപിക്കുന്നത് തോന്നിയപോലെയാണെന്നുമാണ് ആക്ഷേപം.
കഴിഞ്ഞ കുറച്ചു ദിവസമായി കളക്ട്രേറ്റിന് മുന്നലാണ് പ്രവൃത്തികള്‍ നടക്കുന്നത്. കാല്‍നടയാത്ര പോലും ദുഷ്കരമായ രീതിയിലാണ് ഇവിടെ സ്ളാബ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയ റോഡിന്റെ പ്രവൃത്തി പൂര്‍ണമായും പൂര്‍ത്തിയാക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. റോഡ് ആക്ഷന്‍ കമ്മിറ്റിയും കരാറുകാര്‍ക്കെതിരേ രംഗത്തെത്തി.
മന്ത്രിമാര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് ആക്ഷന്‍ കമ്മിറ്റി. റേഡ് നിര്‍മാണത്തിലെ പരാതികള്‍ നിലവില്‍ വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലും ശേഷിക്കുന്ന പ്രവൃത്തികള്‍ നടത്തുന്നതിന് തടസമില്ല.
മാര്‍ച്ച് ഒന്‍പതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് നിർമാണത്തിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.ഇവിടെ മാത്രമല്ല എരഞ്ഞിപ്പാലം മുതല്‍ മലാപറമ്പ് വരെയുള്ള വിവിധ ഭാഗങ്ങളിലും പ്രവൃത്തികള്‍ പൂര്‍ത്തിയാകാനുണ്ട്. ബസ് ബേ നിര്‍മാണവും നടന്നിട്ടില്ല.
അതേസമയം മലാപറമ്പ് റോഡ് വരെയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിയും ഇതേ കരാറുകാര്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും ഓവുചാലും പദ്ധതിയുടെ ഭാഗമാണ്. 250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്റ്റുകളുമുണ്ട്. ഏഴ് സിഗ്നലുകളും 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 350 തെരുവു വിളക്കുകളും പദ്ധതിയിലുണ്ട്.