പ്രതീകാത്മക ചിത്രം
അഞ്ചല്‍ : കുളത്തൂപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വനംവകുപ്പില്‍ അച്ചടക്ക നടപടി.
വിഷയത്തില്‍ ഗുരുതര കൃത്യവിലോപം കാണിച്ചെന്നു ചൂണ്ടിക്കാട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
വനംവകുപ്പ് അഞ്ചല്‍ റേഞ്ചില്‍ കളംകുന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. ആര്. ഷിബുവിനെയാണ് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കമലാഹര്‍ സസ്പെന്‍ഡ് ചെയ്തത്.
സംഭവം നടന്ന സമയം മുതല്‍ സഹപ്രവര്‍ത്തകര്‍ ഷിബുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. സ്ഥലത്തു ആദ്യം എത്തുകയും ആവശ്യമായ നടപടിയകള് സ്വീകരിക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥനായ ഷിബു എത്തിയത് മൂന്നരമണിക്കൂറിന് ശേഷമാണ്. അടിയന്തര നടപടികള്‍ സ്വീകാരിച്ചില്ലന്നു മാത്രമല്ല മേലധികാരികളെ വിവരം ധരിപ്പിക്കുന്നതിലും ഷിബുവിന് വീഴ്ച സംഭവിച്ചതായി സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.കുളത്തൂപ്പുഴ സ്വദേശി ബഷീര്‍ മരിച്ച ദിവസം വനംവകുപ്പിനെതിരേ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. സ്ഥലത്ത് ആദ്യം എത്തേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാന്‍ വൈകിയതിനെ തുടര്‍ന്നു മൃതദേഹം റോഡില്‍നിന്നു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ പുനലൂര്‍ ഡിഎഫ്ഓയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുന്ന തരത്തിലേക്ക് പ്രതിഷേധം നീണ്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.അതേസമയം വന്യജീവി ആക്രമണത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വകുപ്പിന്റെ അലംഭാവമാണ് ആക്രമണത്തില്‍ ഒരാള്‍ മരിക്കാന്‍ ഇടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ കീഴുദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചു തലയൂരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.അഞ്ചിന് കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് ഇടതുമുന്നണി ജനകീയ മാര്‍ച്ചും പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : NattuVishasham DistrictNews