പ്രതീകാത്മക ചിത്രം
തൊടുപുഴ: ചിന്നക്കനാലില്‍ ഭീതി വിതയ്ക്കുന്ന കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടി മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നതു നൂറു പേരടങ്ങുന്ന വനം വകുപ്പുദ്യോഗസ്ഥരുടെ വന്‍ സംഘം. നേരത്തേ ചിന്നക്കനാലില്‍നിന്നു പിടികൂടി നാടു കടത്തിയ അരിക്കൊമ്പനേക്കാള് കരുത്തും ഗാംഭീര്യവും ഏറിയ കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടുന്നതു ശ്രമകരമാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. കാട്ടുകൊമ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്ന വിക്രം, ഭരത് എന്ന കുങ്കിയാനകളെ ഇന്ന് ആനിമല്‍ ആംബുലന്‍സില്‍ ചിന്നക്കനാലില്‍ എത്തിക്കുമെന്നു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ പറഞ്ഞു. ചക്കക്കൊമ്പന് ഇപ്പോഴും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അനുയോജ്യമായ സ്ഥലത്തെത്തിച്ച് മയക്കുവെടി വയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യത്തിനു വെറ്ററിനറി സര്ജന്മാര് ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന മൂന്നു ടീമിനെയാകും സജ്ജമാക്കുക. അരിക്കൊമ്പനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സക്കറിയ ഇത്തവണ ഉണ്ടാകില്ല. ഇന്ന് കുങ്കിയാനകളെ എത്തിച്ച ശേഷം അടുത്ത ദിവസം ദൗത്യത്തിനു മുന്നോടിയായി വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തും. മൂന്നു ദിവസത്തിനകം ദൗത്യം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചക്കക്കൊമ്പനെ പിടികൂടുന്ന ദിവസം പ്രദേശത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കും. ആര്‍ആര്‍ടി നിരീക്ഷണത്തിലുള്ള ചക്കക്കൊമ്പനെ വിലക്ക് ഭാഗത്ത് എത്തിച്ച് മയക്കുവെടിവയ്ക്കാനാണ് ദൗത്യസംഘം ലക്ഷ്യമിടുന്നത്. എന്നാല്‍ അനുയോജ്യമായ സ്ഥലത്ത് കാട്ടാന എത്തിയാല്‍ മയക്കുവെടിവയ്ക്കാണ് തീരുമാനം.
ചിന്നക്കനാല്‍ മേഖലയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ക്കു ഭീഷണിയാകുകയും ചെയ്യുന്ന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം അതേ മേഖലയില്‍ത്തന്നെ തുറന്നുവിടാനാണ് തീരുമാനം.
എന്നാല്‍ ഇതിനെതിരേ ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. അരിക്കൊമ്പനെ നാടുകടത്തിയപോലെ ചക്കക്കൊമ്പനെയും പ്രദേശത്തുനിന്നു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ഇതേ മേഖലയില്‍ത്തന്നെ വിടാനാണ് വനംവകുപ്പ് തീരുമാനം. അതിനാല്‍ വരും ദിവസങ്ങളില്‍ ഇതേച്ചൊല്ലി പ്രതിഷേധം ശക്തമാക്കാനും സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് പൊലിസും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.
2023 ഏപ്രിലിലാണ് അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമകരമായ ദൗത്യം ചിന്നക്കനാലില്‍ നടന്നത്. ചിന്നക്കനാലിന്റെ ഉറക്കംകെടുത്തിയിരുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ മയക്കുവെടി വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.
കുങ്കിയാനകളായ വിക്രമും ഭരത്തും അന്നും ദൗത്യത്തില്‍ പങ്കാളികളായിരുന്നു. അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ആദ്യം പെരിയാര്‍ കടുവ സങ്കേതത്തിലാണ് തുറന്നുവിട്ടത്. എന്നാല്‍ പിന്നീട് തമിഴ്നാട് കമ്പം ഭാഗത്തേക്കു നീങ്ങിയ ആന അക്രമാസക്തനായി.
ഇതോടെ തമിഴ്നാട് വനംവകുപ്പ് ആനയെ പിടികൂടി കളക്കാട് വനമേഖലയിലേക്കു മാറ്റി. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടയില്‍ പ്രദേശത്ത് ചക്കക്കൊമ്പന്റെയും സാന്നിധ്യമുണ്ടായിരുന്നു. അരിക്കൊമ്പന് മാറിയ ശേഷമാണ് ചക്കക്കൊമ്പന് പ്രദേശത്ത് കൂടുതല്‍ ഭീതി വിതച്ചുതുടങ്ങിയത്.
Tags : Operation Chakkakkomban: A 100-member team for the mission Chakkakkomban NattuVishesham DistrictNews