കോഴഞ്ചേരി: ഓപ്പറേഷന് തൂഫാനു പിന്നാലെ ഓപ്പറേഷന് ഫെയ്സ് ലിപ്സിലൂടെ പോലീസ് സ്റ്റേഷനുകളിലെ മുഖച്ഛായയ്ക്കും മാറ്റം വരുത്താൻ ആഭ്യന്തരവകുപ്പിന്റെ നിർദേശം. ലാത്തിക്കൊപ്പം ചൂലും നിർബന്ധമാണെന്നും സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് പോലീസുകാരുടെ കടമയാണെന്ന് ഓർമിപ്പിച്ചുമാണ് ഓപ്പറേഷൻ ഫെയ്സ് ലിപ്സ് പദ്ധതി പ്രഖ്യാപിച്ചത്.
പോലീസ് സ്റ്റേഷനിലെ ശുചിമുറികൾ, സ്റ്റേഷന് പരിസരങ്ങള്‍, ഇവ വൃത്തിയാക്കണം. സ്റ്റേഷനില്‍ കുന്നുകൂടി കിടക്കുന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ പഴയ സാധനങ്ങൾ, കേസുകളില്‍പെട്ട് സ്റ്റേഷന് പരിസരത്ത് കിടക്കുന്ന വാഹനങ്ങളുടെ നിയമപരമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ലേലം ചെയ്യുകയോ അതല്ലെങ്കില്‍ ആക്രിവിലയ്ക്ക് വില്ക്കുകയോ ചെയ്യണം.
സ്റ്റേഷനുകള്‍ പെയിന്റടിച്ച് വൃത്തിയായി സൂക്ഷിക്കണം. സ്റ്റേഷന് പരിസരത്ത് ചെടികളും തണല്‍മരങ്ങളും നട്ടു പിടിപ്പിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
പോലീസ് സ്റ്റേഷന് കോര്‍പറേറ്റ് ഓഫീസുകളെപ്പോലെ വൃത്തിയുള്ളതായിരിക്കണം. പോലീസ് ഓഫീസര്‍മാര്‍ പ്രഫഷണല്‍ ആയിരിക്കണമെന്നും ലോ ആൻഡ് ഓര്‍ഡര്‍ എഡിജിപി പി. വിജയന്റെ ഉത്തരവില്‍ പറയുന്നു.
പോലീസ് സ്റ്റേഷന് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിന് പാര്‍ട് ടൈം ജീവനക്കാരുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ചായയും വടയും വാങ്ങി നൽകുകയെന്നതാണ് അവരുടെ ജോലിയെന്നും ഇത് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.
പാര്‍ട്ട് ടൈം ജോലിക്കാരായതിനാല്‍ ഉച്ചയ്ക്ക് മുമ്പേ ജോലി കഴിഞ്ഞ് പോകുന്ന രീതിയും അവസാനിപ്പിക്കണം.പോലീസ് സ്റ്റേഷനിലെ ശുചിമുറികള്‍ വെട്ടിത്തിളങ്ങുന്ന രീതിയില്‍ വൃത്തിയായിരിക്കണം. സ്റ്റേഷനുകളില്‍ പഴയതും ആവശ്യമില്ലാത്തതുമായ ഫയലുകള്‍ തരം തിരിച്ച് മാറ്റുകയും പ്രധാനപ്പെട്ട രേഖകള്‍ പെട്ടെന്ന് കണ്ടെത്താന്‍ പാകത്തില്‍ റെക്കാര്‍ഡ് റൂമുകള്‍ ക്രമീകരിക്കുകയും ചെയ്യണം.
സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരക്കാനുള്ള സൗകര്യം, കുടിവെള്ളം ഇവ ഉറപ്പാക്കണം. ഓരോ സ്റ്റേഷനും ഒരു ലക്ഷത്തില്‍ കുറയാത്ത തുകയാണ് അഭ്യന്തര വകുപ്പ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ സമീപകാലത്ത് പുതിയ കെട്ടിടങ്ങൾ പണിത പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലെയുള്ള പുതിയ സ്റ്റേഷനുകള്‍ക്ക് പണം അനുവദിച്ചിട്ടില്ല. ഓരോ സ്റ്റേഷനിലും ഓരോ എസ്ഐയുടെ നേതൃത്വത്തില്‍ വനിത സിപിഒ ഉള്‍പ്പെടെ മൂന്നു പേരടങ്ങിയ സംഘത്തിനാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല.
ഓരോ ശനിയാഴ്ചയും സ്റ്റേഷനുകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനം നടത്തണം. മഴക്കാലം കണക്കിലെടുത്ത് സ്റ്റേഷന് പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി ഡ്രെയിനേജ് സംവിധാനങ്ങളും നടപ്പിലാക്കണം. സ്റ്റേഷന് വളപ്പില്‍ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നീക്കം ചെയ്യുകയും കാടുകളും മറ്റും വളരാത്ത രീതിയില്‍ എക്കോ ഫ്രണ്ട്ലി രീതിയില്‍ പ്രകൃതി രമണീയമായി സൂകഷിക്കുകയും വേണമെന്നും നിർദേശമുണ്ട്. ഓപ്പറേഷന് തൂഫാന് പൊതുസമൂഹം നല്കിയ പിന്തുണ അഭ്യന്തര വകുപ്പിന് പൊന്‍തൂവലാകുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഭീതിയും ഭയവുമില്ലാതെ ജനങ്ങള്‍ക്ക് സ്റ്റേഷനിലെത്തുകയും നിയമപരമായ സംരക്ഷണം ലഭിക്കുന്ന തരത്തില്‍ ലോക നിലവാരത്തില്‍ മറ്റു രാജ്യങ്ങളിലെ പോലീസ് ജനങ്ങളോട് ഇടപെടുന്ന രീതിയില്‍ പ്രഫഷണലിസം ഉണ്ടായിരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനുവേണ്ടി പ്രത്യേക പരിശീലന പരിപാടികളും നടപ്പിലാക്കുന്നുണ്ട്.
Tags : nattu vishesham Operation Face Lips at police stations