കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ മേൽപാലവും ലിഫ്റ്റും അടച്ച നിലയിൽ.
കാസർഗോഡ്: അപകടാവസ്ഥയിലാണെന്നു കണ്ടതിനെ തുടർന്ന് ഒരു മേൽപാലം അടച്ചതിനു പിന്നാലെ അടുത്ത മേൽപാലത്തിലേക്കുള്ള ലിഫ്റ്റും തകരാറിലായതോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിലായി.
വടക്കുഭാഗത്തുള്ള മേൽനടപ്പാലത്തിന്റെ സ്റ്റീൽ ഗർഡർ സുരക്ഷിതമല്ലാത്ത നിലയിലാണെന്ന് കഴിഞ്ഞ ദിവസം ഡിവിഷണൽ മാനേജരുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഈ മേൽപാലത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്തുള്ള യാത്രക്കാർക്ക് മറുവശത്തേക്കു പോകണമെങ്കിൽ തെക്കുഭാഗത്തെ മേൽനടപ്പാലം വരെ നടന്നുപോകേണ്ട അവസ്ഥയായി. ഇതിനു പിന്നാലെയാണ് തെക്കുഭാഗത്തെ മേൽപാലത്തിന്റെ ലിഫ്റ്റും പണിമുടക്കിയത്.
നേരത്തേയും ഇത് ഇടയ്ക്കിടെ തകരാറിലാകാറുണ്ടെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. ഇപ്പോൾ യാത്രക്കാരുടെ തിരക്കേറിയതോടെയാണ് ഇത് വീണ്ടും തകരാറിലായത്. ലിഫ്റ്റും ഇല്ലാതായതോടെ വടക്കുഭാഗത്തുനിന്ന് ലഗേജുകളുമായി നടന്നു തളർന്നു വരുന്ന യാത്രക്കാർക്ക് മേൽപാലത്തിന്റെ പടികളും നടന്നുകയറേണ്ട അവസ്ഥയാണ്.
വടക്കുഭാഗത്തെ മേൽപാലത്തിൽ ഇതുവരെ അറ്റകുറ്റപണികളൊന്നും തുടങ്ങിയിട്ടില്ല. എന്നേക്ക് തുടങ്ങുമെന്നും വ്യക്തമല്ല. സ്റ്റേഷന്റെ രണ്ടാം പ്രവേശനകവാടത്തിലേക്കു മാത്രം ഇപ്പോൾ ഇതുവഴി യാത്രക്കാരെ കടത്തിവിടുന്നുണ്ട്.