വേളൂരില്‍ വെള്ളം കയറിയ റോഡിലൂടെ നീങ്ങുന്ന ബസ്.
കോട്ടയം: കിഴക്കന്‍ മലവെള്ളപ്പാച്ചിലില്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും മുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിമുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ പെയ്ത അതിതീവ്ര മഴയുടെ വെള്ളം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയതോടെയാണു പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലായത്. ഞായറാഴ്ച ഉച്ചയോടെ കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. രാത്രിയോടെ പടിഞ്ഞാറന്‍ മേഖലയിലെ റോഡുകളെല്ലാം തോടായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങി.
ഇന്നലെ രാവിലെവരെ തുടര്‍ന്ന മഴ ഉച്ചയോടെ ശമിച്ചു. പകല്‍ കാര്യമായ മഴയുണ്ടായില്ല. മലയോരത്തും മഴയില്ല. വേമ്പനാട്ടു കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സാവധാനത്തിലാണ്. ഇതോടെ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കുന്ന സ്ഥിതിയാണ്.
മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുകയാണ്. മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശവുമുണ്ടായി. ആറുമാനൂരില്‍ ഇന്നലെ യുവാവ് ഒഴുക്കില്‍പെട്ടു മരിച്ചു. ഇതോടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി.
പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു
പ്രധാന റോഡുകളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവുമുണ്ടായി. പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്. എംസി റോഡിൽ നാഗന്പടം, ചെന്പരത്തിമൂട് എന്നിവിടങ്ങളിൽ വെള്ളം കയറി.പാലാ - ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
പാലാ കൊട്ടാരമറ്റത്തും പാലാ-ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂരിലും വെള്ളക്കെട്ടുണ്ടായി. കോട്ടയം - കുമരകം റോഡില്‍ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല്‍ റോഡും അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പാലാ-വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്ത് ഗതാഗതം തടസപ്പെട്ടു. പാലാ-രാമപുരം റോഡിലും പകല്‍ ഗതാഗത തടസമുണ്ടായി. ഏഴാച്ചേരി-രാമപുരം റോഡില്‍ കരൂരില്‍ വെള്ളക്കെട്ടുണ്ട്. ഗതാഗതം പൂര്‍ണമായിട്ടില്ല
പൂവത്തുംമൂട്ടില്‍ മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഏറ്റുമാനൂര്‍ പട്ടിത്താനം - മണര്‍കാട് ബൈപാസ് അടച്ചു. പട്ടര്‍മഠം പാലത്തിനു സമീപം മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - അയര്‍ക്കുന്നം റോഡ് അടച്ചു.
കറ്റോട് കവലയ്ക്കു സമീപം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - പുന്നത്തുറ റോഡ് കറ്റോട് കവലയില്‍ അടച്ചു. ഷട്ടര്‍കവല - കണ്ണമ്പുര - പള്ളിക്കുന്ന് - ചെറുവാണ്ടൂര്‍ റോഡ് കണ്ണമ്പുരയില് അടച്ചു.
യാത്ര നിരോധിച്ചു
കോട്ടയം-കുമരകം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ കുട്ടിക്കാനംവരെ റോഡില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍. കനത്ത മഴയെത്തുടര്‍ന്ന് മലമുകളില്‍ പാറക്കല്ലുകള്‍ മണ്ണുമായി ബന്ധം വേര്‍പെട്ടു നില്ക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദേശം. ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടിലും രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ 15 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കൂട്ടങ്ങള്‍ റോഡിലേക്ക് പതിച്ചത് റോഡിന്റെ വശങ്ങളിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളിയില്‍ ഭീതി ഒഴിഞ്ഞു
കാഞ്ഞിരപ്പള്ളി: ഇന്നലെ പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ചിറ്റാര്‍ പുഴയിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. പഴയിടം കോസ്വേ വീണ്ടും വെള്ളത്തില്‍ മുങ്ങി. രാവിലെ പത്തോടെ മഴ പൂര്‍ണമായും മാറിയ സ്ഥിതിയായിരുന്നു. ഇതോടെ പാലങ്ങളില്നിന്നെല്ലാം വെള്ളമിറങ്ങി. ഞായറാഴ്ച പഴയിടം പാലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം നീക്കം ചെയ്തിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ പെയ്ത മഴയില്‍ വീണ്ടും മാലിന്യം അടിഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടരുകയാണ്.
ജാഗ്രതയില്‍ മലയോര മേഖല
മുണ്ടക്കയം: മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാവിലെമുതല്‍ പകല്‍ സമയങ്ങളില്‍ നേരിയ മഴ പെയ്തങ്കിലും ശക്തമായ മഴ പെയ്യാതിരുന്നത് മലയോര മേഖലയ്ക്ക് ആശ്വാസമായി. പ്രദേശത്തെ പ്രധാന പുഴകളായ പുല്ലകയാറ്റിലെയും നെടുംതോട്ടിലെയും മണിമലയാറ്റിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും പ്രദേശത്തെ ചെറുതും വലുതുമായ പാലങ്ങളില്‍ വലിയതോതിലാണ് മാലിന്യങ്ങളും മരക്കഷണങ്ങളും വന്നടിഞ്ഞത്.
പഞ്ചായത്തിന്റെയും റവന്യൂ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഉരുള്‍ പൊട്ടലില്‍ ഒഴുകിയെത്തിയ ഭീമന് മരങ്ങള്‍ മുണ്ടക്കയം കോസ്വേ പാലത്തിലും കൂട്ടിക്കല്‍ ചപ്പാത്തിലും അടിഞ്ഞിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ഈ മരങ്ങള്‍ മുറിച്ചുമാറ്റി വെള്ളമൊഴുക്ക് സുഗമമാക്കി.
പാലായിൽ വീണ്ടും വെള്ളം കയറി
പാലാ: വെള്ളപ്പൊക്കഭീതി ഒഴിയാതെ പാലാ നഗരം. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളപ്പൊക്കത്തില്‍ അമര്‍ന്ന പാലാ നഗരത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ജലനിരപ്പ് താഴ്ന്നു തുടങ്ങിയത്.
അന്ന് രാത്രിയോടെ തുടങ്ങിയ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയും നഗരത്തില്‍ വെള്ളം ഉയര്‍ന്നു. വെള്ളം ഞായറാഴ്ച താഴ്ന്നെങ്കിലും കനത്ത മഴയില്‍ വീണ്ടും വെള്ളം ഉയര്‍ന്ന് നഗരവും പ്രധാന റോഡുകളും വീണ്ടും വെള്ളത്തിനടിയിലായി. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയിലെ പാലാ മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി ഇന്നലെ പുലര്‍ച്ചെ മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
114 ക്യാമ്പുകളിലായി 3714 പേർ
കോട്ടയം: ജില്ലയിൽ 114 ദുരിതാശ്വാസ ക്യാമ്പുകളിലായി 3714 പേർ. 1288 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.
Tags : Nattuvishesham District News Padinjaran Meghalaya flooded