പാലാ: അയര്‍ലൻഡിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പാലാ സ്വദേശി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന എം.ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണകക്ഷിയുടെ സുപ്രധാന സമിതിയില്‍ ഇന്ത്യയിൽ നിന്നുള്ളയാൾ തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ് . ദേശീയ തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്.
1926 ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഫ്യാനഫോയ്ല്‍ പാര്‍ട്ടി. പാര്‍ട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ അയര്‍ലൻഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് പാര്‍ട്ടി പ്രസിഡന്റ്.
പാലാ സെന്റ് മേരീസ് ഹൈസ്കൂൾ, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിര്‍ള സ്കൂള്‍ ഓഫ് നഴ്സിംഗില്‍ നിന്നും ഒന്നാം റാങ്കോടെ ജനറല്‍ നഴ്സിംഗ് പാസായി.
2005 ല്‍ അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറി. ഇപ്പോള്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. 2016ല്‍ ബി എസ് സി നഴ്സിംഗും 2022 ല്‍ സൈക്കോളജിയില്‍ ലെവല്‍ 5 കോഴ്സും പാസായി.
പാലാ വിളക്കുമാടം മണിമന്ദിരത്തില്‍ പരേതനായ റിട്ടയേര്‍ഡ് ഹവില്‍ദാര്‍ മേജര്‍ കെ എം ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ്. ഭര്‍ത്താവ് ശ്യാം മോഹന്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവരാണ് മക്കള്‍.
Tags : nattu vishesham Pala native Manju Devi national executive