പാലാ: 19ന് ആരംഭിക്കുന്ന പാലാ രൂപത 43-ാമത് ബൈബിള് കണ്വന്ഷന്റെ ഒരുക്കങ്ങള് പൂര്ത്തിയായി. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് ഉച്ചകഴിഞ്ഞ് 3.30 മുതല് രാത്രി ഒന്പതു വരെയാണ് കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്.
ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില് ചേരുന്ന യോഗത്തില് സീറോമലബാര് സഭ മുന് മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ബൈബിള് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 23ന് മലങ്കര മാര്ത്തോമ്മാ സുറിയാനിസഭ പരമാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്കും. അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്വന്ഷന് നയിക്കുന്നത്. അഞ്ചു ദിവസത്തെ കണ്വന്ഷന് 23നു സമാപിക്കും.
കണ്വന്ഷന്റെ വിജയത്തിനായുള്ള മധ്യസ്ഥപ്രാര്ഥന നവംബര് ഒന്നു മുതല് ഷാലോം പാസ്റ്ററല് സെന്ററില് ആരംഭിച്ചിരുന്നു. രൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും നവംബര് ഒന്നുമുതലുള്ള സന്ദര്ശനം പൂര്ത്തിയായി. കണ്വന്ഷന്റെ ശുശ്രൂഷകര്ക്ക് ഒരുക്കമായിട്ടുള്ള ധ്യാനം ഏഴിന് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ നടന്നു. ഡിസംബര് ഒന്നുമുതല് കണ്വന്ഷന് ഗ്രൗണ്ടില് ആരംഭിച്ച ജെറീക്കോ പ്രാര്ഥന പുരോഗമിക്കുന്നു.
ഓരോ കുടുംബത്തെയും വ്യക്തിപരമായി ബൈബിള് കണ്വന്ഷനിലേക്ക് ക്ഷണിക്കുക എന്ന രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ടിന്റെ ആഗ്രഹപ്രകാരം രൂപത കരിസ്മാറ്റിക്, ഇവാഞ്ചലൈസേഷന് ടീമംഗങ്ങളുടെ നേതൃത്വത്തില് ഭവനസന്ദര്ശനവും പൂര്ത്തിയായി. വിശ്വാസസമൂഹത്തിന് ദൈവവചനം കേള്ക്കാനും ദൈവാരാധനയില് പങ്കെടുക്കാനും വേണ്ട വിശാലമായ പന്തല് പൂര്ത്തിയായി. വിവിധ മിനിസ്ട്രികളുടെ കമ്മിറ്റികള് കണ്വന്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രവര്ത്തനമാരംഭിച്ചു.
ജനറല് കോ-ഓര്ഡിനേറ്റര് മോണ്. സെബാസ്റ്റ്യൻ വേത്താനത്ത്, ജനറല് കണ്വീനര് രൂപത ഇവാഞ്ചലൈസേഷന് ഡയറക്ടര് ഫാ. ജോസഫ് അരിമറ്റത്ത്, കണ്വന്ഷന് വോളന്റിയേഴ്സ് ക്യാപ്റ്റന് ഫാ. ആല്ബിന് പുതുപ്പറമ്പില്, രൂപത ഇവാഞ്ചലൈസേഷന് കരിസ്മാറ്റിക് ഭാരവാഹികള് തുടങ്ങിയവര് ബൈബിള് കണ്വന്ഷനു നേതൃത്വം നല്കും.
Tags : Bible Convention nattuvisesham local news