പാലാ: പാലാ ഉപജില്ലാ സ്കൂള്‍ കലോത്സവം പാലാ സെന്റ് തോമസ് എച്ച്എസ്എസില്‍ ഇന്നുമുതല്‍ ഏഴുവരെ നടത്തും. ഒന്‍പത് സ്റ്റേജുകളിലായി 56 സ്കൂളുകളിലെ 1678 കുട്ടികള്‍ 215 മത്സരയിനങ്ങളില്‍ പങ്കെടുക്കും.
ഇന്നു രാവിലെ 9.30ന് പാലാ നഗരത്തിലൂടെ മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ആരംഭിക്കും. മാണി സി. കാപ്പന് എംഎല്‍എ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
ഘോഷയാത്ര പാലാ സെന്റ് തോമസ് എച്ച്എസ്എസില്‍ എത്തുമ്പോള്‍ പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബി. സജി പതാകയുയര്‍ത്തും. മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് കാക്കല്ലില്‍, കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഏഴിനു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ബി. സജി, ജനറല്‍ കണ്‍വീനര്‍ റെജിമോന് കെ. മാത്യു, ജോയിന്റ് കണ്‍വീനര്‍ ഫാ. ജോസഫ് തെങ്ങുംപള്ളിയില്‍, ജോബി കുളത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിസ് കടപ്പൂര്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ രാജേഷ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : festiva nattuvisesham local news