സ്കൂബ ടീമംഗങ്ങൾ കിണറ്റിൽ പരിശോധന നടത്തുന്നു.
ബിജുവിന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം
കോഴിക്കോട്: പാളയം കൊലപാതകകേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നആരോപണവുമായി കൊലപ്പെട്ട പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിന്റെ കുടുംബം.
കുറ്റിയില്‍താഴം തെക്കിനേടത്ത് മീത്തല്‍ ദീപക്ക്(21) ആണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.ഇയാള്‍ക്ക് ഒറ്റയ്ക്ക് കൊല നടത്താന്‍ കഴിയില്ലെന്നും തുടര്‍ അന്വേഷണം വേണമെന്നും പിതാവ് രാജന് പറയുന്നു. സംഭവസമയത്ത് ബിജു മദ്യലഹരിയില്‍ ആണെങ്കില്‍ പോലും പ്രതിക്ക് ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ല.
അതിനാല്‍ കൊലപാതകത്തിന് സഹായിച്ചവരെ കൂടി കണ്ടെത്തണം. ദീപക്കിന്റെ കൂട്ടാളികളെ പിടികൂടി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. വിചിത്രമായ രീതിയിലാണ് ദീപക്കിന്റെ ലഹരി ഉപയോഗമെന്നും ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും രാജന് പറയുന്നു.
അതേസമയം ബിജുവിന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം രൂക്ഷമാണ്. കൊലയ്ക്ക് പിന്നില്‍ അമ്മക്കും സഹോദരിക്കും പങ്കുണ്ടെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇത് ദീപക്കിന്റെ കൂട്ടാളികള്‍ നടത്തുന്നതാണെന്നാണ് കുടുംബം പറയുന്നത്.
തെളിവെടുപ്പ്
നടത്തി
പാളയം കൊലപാതകകേസില്‍ പ്രതി ദീപക്കുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബിജുവിനെ കൊലപ്പെടുത്താൻ ദീപക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് ബിജുവിന്റെ വീടിന് പരിസരത്തുള്ള കിണറ്റിൽ സ്കൂബാ സംഘം പരിശോധന നടത്തി. തെരച്ചലിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കത്തി പോലെയുള്ള ആയുധമാണ് ബിജുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് ദീപക് നൽകിയ മൊഴി. ദീപക്കിനെ മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ദീപക്കിനെ കസ്റ്റഡിയിൽ എടുത്തത്.
രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ വലയിലാക്കാൻ പോലീസിന് കഴിഞ്ഞിരുന്നു. ടൗൺ എ.സി.പി. കെ.വി പ്രമോദും കസബ സി.ഐ. പി.ജെ. ജിമ്മിയും അന്വേഷണ സംഘത്തിലുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Palayam murder: