പ്രതീകാത്മക ചിത്രം
പാരിപ്പള്ളി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവാരമുയരണമെങ്കില് അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് അധ്യാപകരുടെ മാസ്റ്റര്‍ പ്ലാന്‍. കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് (കെജിഎംസിടിഎ) മന്ത്രി കെ. മുരളീധരന് മാസ്റ്റര്‍പ്ലാന്‍ നല്‍കിയത്.
ആശുപത്രിയെ അത്യാധുനിക സൗകര്യങ്ങളുള്ള പ്രമുഖ ചികിത്സാ-ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനാണ് ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിച്ചത്. ജില്ലയിലെയും സമീപ ജില്ലകളിലെയും സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ഷാജഹാന്, യൂണിറ്റ് പ്രസിഡന്റ് ഡോ. കെ.എസ്. ആശ, സെക്രട്ടറി മാത്യു വി. മാമ്മന്‍, ട്രഷറര്‍ സിദ്ധാര്‍ഥ, ഡോ. ആശിഷ് വി. ജോയ് തുടങ്ങിയവരാണ് മന്ത്രി കെ. മുരളീധരന് മാസ്റ്റര്‍ പ്ലാന്‍ കൈമാറിയത്.
മെഡിക്കല്‍ കോളജിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്കഴിഞ്ഞ ആറിനു ചേര്‍ന്ന പ്രത്യേക അവലോകനയോഗത്തില്‍, രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാമെന്ന് കെജിഎംസിടിഎ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത സമയത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. കാര്‍ഡിയോളജി അടക്കമുള്ള വിഭാഗങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവിധം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുണ്ട്. 2013-ലെ സാഹചര്യമല്ല ഇപ്പോള്‍. രോഗികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. ഓര്‍ത്തോ, മെഡിസിന് തുടങ്ങിയ വിഭാഗങ്ങളില്‍ ഒപി ഡ്യൂട്ടി താങ്ങാവുന്നതിനും അപ്പുറമാണ്. 29 വകുപ്പുകളിലും തസ്തിക വര്‍ധിപ്പിക്കണം. 2017-നുശേഷം തസ്തിക സൃഷ്ടിച്ചിട്ടില്ല. തുടങ്ങി അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ചൂണ്ടിക്കാട്ടി.
മാസ്റ്റര്‍ പ്ലാനിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
-കേന്ദ്രീകൃത ശീതീകരണസംവിധാനം കാര്യക്ഷമമാക്കാതെ ഒരുദിവസംപോലും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. പഴയ എസിയുടെ മാറ്റേണ്ട ഭാഗങ്ങള്‍ മാറ്റിയും നന്നാക്കിയെടുക്കാവുന്നവ നന്നാക്കിയും ഉടന്‍ എസി സംവിധാനം കാര്യക്ഷമമാക്കണം.
ഓക്സിജന്‍ പ്ലാന്റിലെ കംപ്രസറുകളുടെയും എയര്‍ പ്യൂരിഫയിംഗ് സിസ്റ്റത്തിന്റേയും തകരാര്‍ പരിഹരിക്കണം. ഓക്സിജന്‍, മെഡിക്കല്‍ എയര്‍ തുടങ്ങിയവ കടന്നുപോകുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ്ലലൈനിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണം.
കാര്‍ഡിയോളജി, മെഡിസിന് വിഭാഗങ്ങളില്‍ രണ്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക വീതം ഒഴിഞ്ഞുകിടക്കുന്നു. അടിയന്തരമായി നിയമനം നടത്തണം. റേഡിയോളജി, വൃക്കരോഗവിഭാഗം, ഡയാലിസിസ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം തുടങ്ങണം.
കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ബ്ലോക്ക് നിര്‍മിക്കണം.
പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരെ പുതുതായി നിയമിക്കുകയോ നിലവിലുള്ളവരെ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ വേണം.
പിജി വിദ്യാര്‍ഥികളുടെ ഹോസ്റ്റലായി ഉപയോഗിക്കുന്നത് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സാണ്. വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം പുതിയതായി കണ്ടെത്തണം.
എച്ച്ഡിഎസ് എക്സിക്യുട്ടീവ് കമ്മിറ്റി വിളിച്ചുചേര്‍ക്കണം. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ആശുപത്രിയുടെയും കാമ്പസിന്റേയും പാതകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണം.
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനസജ്ജമല്ല. ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനക്ഷമമാക്കണം.