‘പരിവര്‍ത്തന്‍ ശാല’ പദ്ധതി ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: എച്ച്ഡിഎഫ്സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കിലെ 14 വിദ്യാലയങ്ങളില്‍ നടപ്പാക്കിയ പരിവര്‍ത്തന്‍ ശാല പദ്ധതി ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാറിവരുന്ന വിദ്യാഭ്യാസരംഗത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ പഠനാനുഭവം ഒരുക്കാന്‍ ഇത്തരം സൗകര്യങ്ങള്‍ സഹായിക്കുമെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ കൂടിചേരുമ്പോള്‍ ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് വലിയ മാറ്റം കൈവരിക്കാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, ലാബ് നവീകരണം, ലൈബ്രറി നവീകരണം തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൂര്‍ത്തീകരണ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ലൈല അധ്യക്ഷത വഹിച്ചു. എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. നീരജ് യു. ജോഷി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ മൊയ്തു ഉണ്ണാച്ചി, രാഗേഷ്, മാനന്തവാടി എഇഒ എം. സുനില്‍കുമാര്‍, കരിങ്ങാരി ജിയുപി സ്കൂള്‍ ഹെഡ്മാസ്റ്റര് എം.എ. ജോണ്സണ്, തേറ്റമല ജിഎച്ച്എസ് ഹെഡ്മാസ്റ്റര് മനോജ് മാത്യു, എസ്എംസി ചെയര്മാന് പി. റഷീദ്, മഞ്ജു, ബാലന് പുത്തൂര്‍, നവനീത് കിരണ്‍, പിടിഎ പ്രസിഡന്റ് എസ്. നാസര്‍, എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് പ്രോജക്ട് കോഓഡിനേറ്റര്‍ എന്‍. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച 14 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ററാക്ടീവ് പാനലോടുകൂടിയ ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, സയന്‍സ് ലാബുകള്‍, പ്രൈമറി വിദ്യാലയങ്ങളില്‍ ആക്ടിവിറ്റി കോര്‍ണറുകള്‍, ശുദ്ധമായ കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയറുകള്‍, കായിക മികവിനായി സ്പോര്‍ട്സ് കിറ്റുകള്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 25ഓളം വിദ്യാലയങ്ങളിലായി 50ഓളം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 25 സയന്‍സ് ലാബുകള്‍, 10 ആക്ടിവിറ്റി കോര്‍ണറുകള്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചു വരുന്നു.
Tags : Nattuvisesham DistrictNews DeepikaNews digital learning