കൊല്ലം : പാസ്പോര്‍ട്ട് അപേക്ഷയ്ക്കും പുതുക്കാനുമുളള ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന് ഉള്‍പ്പെടെ വിദേശയാത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഔദ്യോഗിക രേഖയാണ് പാസ്പോര്‍ട്ട്.
അതിന്റെ സേവനങ്ങള്‍ക്ക് അമിതമായ ഫീസ് ഈടാക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും പഠനത്തിനായി പോകുന്നവര്‍ക്കും ഉള്‍പ്പെടെ ഉണ്ടാക്കുന്ന അമിത ബാധ്യത ഒഴിവാക്കേണ്ടതാണ്. പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രതിദിനം ബാങ്ക് ഇടപാടുകള്‍ക്കും രാജ്യാന്തര യാത്രകള്‍ക്കും മറ്റ് പൊതുസേവനങ്ങള്ക്കുമെല്ലാം ആധാരരേഖയായി കണക്കാക്കുന്ന ഒന്നാണ് പാസ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരില്‍ ബഹുഭൂരിപക്ഷവും വരുമാനം കുറഞ്ഞ തൊഴിലാളികളാണ്.
വിദേശ രാജ്യങ്ങളിലെ മാറി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ മൂലം ജീവിത ചെലവും ആരോഗ്യ ചെലവും വിദ്യാഭ്യാസ ചെലവും ഉള്‍പ്പെടെയുളള വര്‍ധന മൂലം ബുദ്ധിമുട്ടുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസികളെ സംബന്ധിച്ചിടതോളം ഫീസ് വര്‍ധന ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.
ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കാര്യമായ സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന് സര്‍ക്കാരില്‍ നിന്ന് ആധികാരിക രേഖയായ പാസ്പോര്‍ട്ട് നല്കാന് അമിത ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാവുന്നതല്ല.
അടിയന്തരമായി വിഷയം പരിഗണിച്ച് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുളള ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്നും ന്യായമായ ചെലവില്‍ പാസ്പോര്‍ട്ട് എടുക്കുവാനുളള അവസരം ഇന്ത്യന്‍ പൗരന്മാര്ക്ക് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kollam