മംഗലപുരം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവർന്നതായി പരാതി.
തോന്നയ്ക്കൽ അനീസ് പെട്രോൾ പമ്പിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. പമ്പിലെ ജീവനക്കാരനായ അദ്വൈതിന് നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ ഡ്രൈവറും യാത്രക്കാരനും ചേർന്ന് അദ്വൈതിനോട് പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ലെന്നു അദ്വൈത് വ്യക്തമാക്കിയതോടെ പ്രതികൾ രോഷാകുലരായി. ബഹളംവച്ചശേഷം ഓട്ടോറിക്ഷയിൽ പുറത്തുപോയ ഇവർ പിന്നീട് പമ്പിലേക്കു തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങിയ ഒരാൾ അദ്വൈതിനെ അസഭ്യം പറയുകയും മുഖത്തടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്നു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയശേഷം കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ അദ്വൈതിന്റെ കണ്ണിലേക്കടിക്കുകയായിരുന്നു. ഈ സമയം ഓട്ടോയിലുണ്ടായിരുന്ന രണ്ടാമൻ അദ്വൈതിന്റെ കൈവശമുണ്ടായിരുന്ന 2000 രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അദ്വൈതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പമ്പ് മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags : nattu vishesham Petrol pump attendant beaten robbed