പ്രതീകാത്മക ചിത്രം
കോഴിക്കോട് : മാനാഞ്ചിറ-മലാപറമ്പ് റോഡിലെ ഫുട്പാത്തിന് താഴെ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ പുതിയ കുടിവെള്ള പൈപ്പുകളിൽ സമീപ കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം കലരാൻ സാധ്യതയുണ്ടെന്ന് പരാതിയുയർന്ന സാഹചര്യത്തിൽ അടിയന്തര സാങ്കേതിക പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
മലിനജലവുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും പൈപ്പുകളിൽ ചോർച്ചയോ മറ്റ് സാങ്കേതിക അപാകതകളോ നിലവിലുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.
പൊതുജനാരോഗ്യത്തിനും ജീവനും ഉണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
ഫുട്പാത്തിന് താഴെയുള്ള നിലവിലെ ഡക്ടിൽ നിന്നും കുടിവെള്ള പൈപ്പുകൾ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ അടിയന്തരമായി പുന:സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിർദ്ദേശം നൽകി.പരാതി കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉത്തരവിൽ പറഞ്ഞു. ഇതുസംബന്ധിച്ച് പത്രവാർത്തകളും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. കുടിവെള്ള വിതരണ പൈപ്പുകളിലെ ചോർച്ചയോ തകരാറുകളോ കാരണം മലിനജലം പൈപ്പുകളിലേക്ക് പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.