തൊടുപുഴ: മദ്യലഹരിയില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള സ്പെല്‍ ഡ്രൈവ് ശക്തമാക്കി പൊലിസ്. ജില്ലയില്‍ പ്രധാന റോഡുകള്‍ക്കു പുറമേ മുക്കിലും മൂലയിലുമുള്ള ഊടുവഴികളില്‍ വരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന പൊലിസ് ശക്തമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ രണ്ടു പെഗ് അടിച്ച് വാഹനത്തില്‍ പോകാമെന്നു കരുതിയാല്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്ന് പൊലിസ് പറയുന്നു.
പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കൽ മാത്രമല്ല വാഹനവും അകത്താകുമെന്നാണ് പതിവായി ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരോട് പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പറയാനുള്ളത്. ഏതു വഴിയിലും പൊലിസിന്റെ സാന്നിധ്യമുണ്ടാകുമെന്നും ഉന്നതതല നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന ഇത്തരത്തില്‍ ശക്തമാക്കിയതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച യുവാവ് മൂന്നു പേരെ വാഹമിടിപ്പിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്നാണ് സംസ്ഥാനത്ത് പൊലിസ് പരിശോധന ഊര്‍ജിതമാക്കിയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍തന്നെ പതിനായിരത്തോളം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജില്ലയില്‍ കഴിഞ്ഞ 14 മുതല്‍ 21 വരെയുള്ള ഒരാഴ്ചയ്ക്കിടെ പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 763 കേസുകളാണ് പിടികൂടിയത്. അമിതവേഗതയിലും അലക്ഷ്യമായും വാഹനമോടിച്ചതിന് 30 കേസുകളും രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി പ്രധാന പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്ത 1022 വാഹനങ്ങള്ക്കതിരേയും മറ്റു ഗതാഗത നിയമലംഘനങ്ങളിലായി 986 കേസുകളുമെടുത്തു. നിയമലംഘനങ്ങളുടെ പേരില്‍ 22 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ പതിവായതോടെയാണ് ഇത്തരക്കാരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ പോലും ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ചീറിപ്പായുന്നത് തൊടുപുഴയിലും പതിവു കാഴ്ചയാണ്.
എന്നാല്‍, ഇത്തരം മേഖലകളില്‍ പരിശോധന നടത്താതെ ടൗണിനു സമീപംതന്നെ പൊലിസ് പതിവായി ബ്രീത്ത് അനലൈസറുമായി പരിശോധന നടത്തുന്നത് ജനങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
ഡ്രിങ്ക് ആൻഡ് ഡ്രൈവ് കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിടിക്കപ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കല്‍, ലൈസന്‍സ് റദ്ദാക്കല്‍ എന്ന കനത്ത നടപടികളും ഉടമ നേരിടേണ്ടി വരും. പിടിക്കപ്പെടുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരേയും നടപടി വരും.
ബ്രീത്ത് അനലൈസറിലൂടെയുള്ള ഊതിക്കല്‍ പരിപാടിയുമായി പൊലിസ് രംഗത്തെത്തിയതോടെ ചെറുതായി മിനുങ്ങിയുള്ള വാഹനമോടിക്കല്‍ കുറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകുന്നേരങ്ങളിലും രാവിലെയുമാണ് പരിശോധന കൂടുതലായി നടക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്ന ബസ്, ടാക്സി, ഓട്ടോ ഡ്രൈവര്‍മാരെയും സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെയും പിടികൂടാനാണ് രാവിലെയുള്ള പരിശോധന.
വാഹനപരിശോധന മുറുകിയതോടെ വെട്ടിലായത് സ്വകാര്യ ബാറുടമകളും വിദേശ മദ്യവില്പന ശാലകളുമാണ്. സര്‍ക്കാര്‍ വിദേശ മദ്യശാലകളില്‍ വില്പന കാര്യമായി കുറഞ്ഞിട്ടില്ലെങ്കിലും പരിശോധന ശക്തമായതോടെ ബാറുകളിലെ മദ്യവില്പന ഗണ്യമായി കുറഞ്ഞു. ക്രിസ്മസ്, ന്യൂ ഇയര്‍ കൂടി അടുത്തതോടെ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് പൊലിസിന്റെയും എക്സൈസിന്റെയും തീരുമാനം.
Tags :