തിരുവല്ലം: കേരളത്തിലെ മൂന്നു ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണി കായല്‍ നാശത്തിന്റെ വക്കില്‍. തലസ്ഥാന ജില്ലയിലെ ഏക ശുദ്ധജല തടാകവും കുടിവെള്ള വിതരണ സ്രോതസും കൂടിയാണിത്.
കൈയേറ്റം, അനധികൃത മണല്‍ഖനനം, മാലിന്യ നിക്ഷേപം, അധികൃതരുടെ അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് ഈ കായൽ ദിനംതോറും നശിക്കുന്നത്. തിരുവല്ലം, കല്ലിയൂര്‍, വെങ്ങാനൂര്‍, നേമം, കോവളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളായണി കായല്‍, പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ്. കായലിലെ അനധികൃത മണല്‍ ഖനനം ഇപ്പോഴും തുടരുകയാണ്. ഇതുമൂലം കായലിന്റെ നിലനില്‍പ്പുതന്നെ ഭീഷണിനേരിടുകയാണ്.
കായല്‍ കൈയേറ്റമാണ് പ്രധാന പ്രശ്നം. കായലിനു സമീപം താമസിക്കുന്നവരും കായലിനോടു ചേര്‍ന്ന് ഭൂമി വാങ്ങിയവരും കായല്‍ പരസ്യമായി കൈയേറുകയാണ്. 1924 ലെ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 750 ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കായല്‍ 2005 ല്‍ 397.5 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്.
കൈയേറിയ കായലിൽ റിസോര്‍ട്ടുകളും വില്ലകളും നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഭൂമാഫിയാകള്‍. 1953 വരെ ഇവിടെ താമര കൃഷി നടത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ താമര പൂവ് വെള്ളായണി കായലില്‍നിന്നാണ് എത്തിച്ചിരുന്നത്. 1950 കളില്‍ ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ അനുമതിയോടെ കര്‍ഷകര്‍ വെള്ളം വറ്റിച്ച് ആണ്ടില്‍ രണ്ടു തവണ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇത് ക്രമേണ നിലക്കുകയുണ്ടായി.
2004 ല്‍ സര്‍ക്കാര്‍ വീണ്ടും വെള്ളായണി കായലില്‍ നെല്‍കൃഷി ആവിഷ്ക്കരിക്കുവാന്‍ പദ്ധതികള്‍ തയാറാക്കിയെങ്കിലും ജനങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ 2005 ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന്റെ തീരുമാനം തടയുകയായിരുന്നു. ഇതിനുശേഷം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ റിസര്‍ച്ച് വിഭാഗം സര്‍വേ നടത്തുകയും റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനു നൽകി. റിപ്പോര്‍ട്ടില്‍ യാതൊരു കാരണവശാലും നെല്‍കൃഷി നടത്താന്‍ പാടില്ലായെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.
നെല്‍കൃഷി നടത്തുന്നതുമൂലം സമീപ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനു ക്ഷാമമുണ്ടാകുമെന്നും കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍ മാരകവിപത്ത് ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതിനുശേഷം അനധികൃത കൈയേറ്റം തടയുന്നതിനു കായലിനു ചുറ്റും കമ്പിവേലികെട്ടി സംരക്ഷിക്കുന്നതിനുള്ള ചുമതല പബ്ലിക് ഹെല്‍ത്ത് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിനു നൽകുകയും ചെയ്തു.
എന്നാല്‍ അടുത്തിടെ വെള്ളായണി കായലിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുളള നടപടികളുമായി ജില്ലാഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. കായല്‍ കടന്നു പോകുന്ന രണ്ടു പഞ്ചായത്തുകളില്‍ 33 സ്ഥലങ്ങളിലായി 1.9 ഏക്കര്‍ സ്ഥലം കൈയേറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സമീപകാലത്ത് ജില്ലാകളക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. കായല്‍ കടന്നു പോകുന്ന വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലെ 428.71 ഏക്കര്‍ സ്ഥലത്താണ് റവന്യു അധികൃതര്‍ സര്‍വേ നടത്തിയത്. കൈയേറ്റം നടന്ന ഭൂമിയില്‍ അതിര്‍ത്തി കെട്ടിത്തിരിച്ച് കെട്ടിടങ്ങള്‍ പണിതതായും ശേഷിക്കുന്നവ മണ്ണിട്ടു നികത്തിയെടുത്തതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
എന്നാല്‍ കൈയേറ്റം നടന്നിട്ടുള്ള ഭൂമിയില്‍ പലതിനും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് എങ്ങനെ ലഭ്യമായി എന്ന ചോദ്യത്തിന് റവന്യു അധികൃതര്‍ക്ക് കൈമലര്‍ത്തുകയാണ്.
വെള്ളായണി കായല്‍ ദിനം തോറും മാലിന്യഭീക്ഷണിയും നേരിടുന്നുണ്ട്. കായലിലെ മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞുവരികയാണ്. കായല്‍ കടന്നുപോകുന്ന ചില പ്രദേശങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ അടുത്തിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവ ചത്തുപൊങ്ങുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ജലത്തില്‍ മാരകമായ അളവില്‍ അയണും അമോണിയയും ഇ-കോളീ ബാക്ടീരിയായും അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഈ ജലമാണ് തിരുവനന്തപുരത്തിന്റെ മിക്കഭാഗങ്ങളിലും കുടിവെള്ളമായി എത്തുന്നത്.