പോണാട്ട് പാലത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകി കന്പികൾ പുറത്തായ നിലയിൽ.
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കൊളക്കാടിനും തൊണ്ടിക്കും ഇടയിലുള്ള പോണാട്ടുപാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗത്തെ തൂണിന്റെയും പാലത്തിന്റെയും കോൺക്രീറ്റിന്റെ പാളികൾ അടർന്ന് ഇരുന്പുകന്പികൾ പുറത്തായി ദ്രവിച്ച നിലയിലാണ്. കൈവരികളും തകർന്നിട്ടുണ്ട്.
1982ൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പാലം നിലവിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും റോഡ് പൊതുമരാമത്തിന്റെ പരിധിയിലുമാണ്. രണ്ടു വകുപ്പുകളുടെ കീഴിലായതിനാലാണ് പാലത്തിന്റെ നവീകരണം വൈകുന്നതെന്നാണ് പറയുന്നത്. പാലം നവീകരിക്കണമെങ്കിൽ ആദ്യം പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാകുന്നില്ല.
ദിവസേന നിരവധി ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നുപോകുന്ന പാലമാണ് ഏതു സമയവും തകർന്നു വീണേക്കാമെന്ന അവസ്ഥയിലായത്. ഇവിടെ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നതെന്നും മഴ ശക്തമാകുന്നതിന് മുന്പ് പരിഹാര നടപടികൾ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Ponnattu Bridge nattuvishesham local news