മുളയ്ക്കാംതുരുത്തി-വാലടി റോഡിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണനിലയിൽ.
മങ്കൊമ്പ്: റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു തകരാറിലായി. പുനർനിർമാണ ജോലികൾ നടക്കുന്ന തുരുത്തി-കിടങ്ങറ-വീയപുരം റോഡിലാണ് അപകടം. ഇന്നലെ രാവിലെ 10.30 ഓടെ വാലടി ഒന്നാം കലുങ്കിനു സമീപമാണ് സംഭവം. രാവിലെ പത്തിന് ചങ്ങനാശേരിയിൽനിന്നു കാവാലത്തിനു സർവീസ് ആരംഭിച്ച ബസാണ് അപകടകത്തിൽപെട്ടത്.
നിർമാണജോലികൾ നടക്കുന്ന റോഡിൽ കുടിവെള്ള പൈപ്പുലൈനുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ബസ് വീണത്. എതിർദിശയിൽനിന്നുവന്ന ടൂറിസ്റ്റ് ബസിനു സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് ചരിയുകയായിരുന്നു. തുടർന്ന് ബസിന്റെ ജോയിന്റ് ഭാഗം തകരാറിലാകുകയായിരുന്നു.
ചങ്ങനാശേരി ഡിപ്പോയിൽനിന്നും കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗമെത്തി ബസിന്റെ തകരാർ പരിഹരിച്ചെങ്കിലും ബസ് കുഴിയിൽനിന്നു കയറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ ഏറെ പണിപ്പെട്ട് ഉച്ചകഴിഞ്ഞു മൂന്നോടെ കുഴിയുടെ ഭാഗത്ത് കല്ലും മണ്ണും നിരത്തിയാണ് ബസ് കരയ്ക്കുകയറ്റിയത്.
അവധി ദിവസമായിരുന്നതിനാൽ യാത്രക്കാർ പൊതുവേ കുറവായിരുന്നു. ഇതു വലിയ അപകടം ഒഴിവാകുന്നതിനു സഹായകമായി. വീതികുറഞ്ഞ റോഡിൽ മറ്റുവാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ ഇത്തരം അപകടങ്ങൾ പതിവാണ്. രണ്ടു മാസങ്ങൾക്കു മുൻപും സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നു. വർഷങ്ങളായി ആരംഭിച്ച നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നതും നാട്ടുകാരുടെ പ്രതിഷേത്തിനിടയാക്കുന്നുണ്ട്. ചെളിനിറഞ്ഞ റോഡിൽ കൂടി ഇരുചക്രവാഹനയാത്രികർ ഏറെ അപകടകരമായിട്ടാണ് യാത്ര ചെയ്യുന്നത്.
Tags :