സ്റ്റേറ്റ് ഹൈവേയിലെ വെള്ളക്കെട്ട്.
കരുവാരകുണ്ട്: കരുവാരകുണ്ട് പുന്നക്കാട് പ്രതിഭാ ഗ്രന്ഥശാലയ്ക്ക് മുൻവശത്തെ സ്റ്റേറ്റ് ഹൈവേയിൽ രൂപപ്പെട്ട വലിയ കുഴിയും അവിടെ മഴവെള്ളം കെട്ടിക്കിടക്കുന്നതും പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും കടുത്ത ആശങ്കയുണ്ടാക്കുന്നു. റോഡിലെ വളവിനോട് ചേർന്നുള്ള ഈ വെള്ളക്കെട്ട് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
മഴ പെയ്യുന്പോൾ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇരുചക്ര വാഹനയാത്രികർ പലപ്പോഴും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നു.
കുഴി ഒഴിവാക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചുമാറുന്നതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിക്കുകയാണ്. ഇതിനു സമീപത്തുള്ള ഗവണ്മെന്റ് എൽപി സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
സ്കൂൾ സമയങ്ങളിൽ വെള്ളക്കെട്ട് മറികടക്കാൻ കുട്ടികൾ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. പ്രശ്നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ കുഴി അടച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് ആവശ്യം.
Tags : Nattuvishesham Districtnews Potholes